നിയമസഭയിലെ സംഘര്‍ഷം; അനുവാദമില്ലാതെ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നാരോപിച്ച് മാധ്യമങ്ങള്‍ക്ക് നോട്ടീസ്
Thursday, April 13, 2023 2:58 PM IST
തിരുവനന്തപുരം: നിയമസഭാ സ്പീക്കറുടെ ഓഫീസിന് മുന്നിലെ സംഘര്‍ഷത്തില്‍ മാധ്യമങ്ങള്‍ക്ക് നോട്ടീസ്. അനുവാദമില്ലാതെ സംഘര്‍ഷത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നാരോപിച്ച് നിയമസഭാ സെക്രട്ടറിയാണ് നോട്ടീസയച്ചത്.
അതീവ സുരക്ഷാ മേഖലയില്‍ അനുവാദമില്ലാതെ ദൃശ്യങ്ങള്‍ പകര്‍ത്തി സംപ്രേക്ഷണം ചെയ്തു. 15 ദിവസത്തിനകം വിശദീകരണം നല്‍കിയില്ലെങ്കില്‍ നിയമസഭാ പാസ് റദ്ദാക്കുമെന്ന് നോട്ടീസില്‍ പറയുന്നു.
നിയമസഭാ മന്ദിരത്തില്‍ സ്പീക്കറുടെ ഓഫീസിന് മുന്നില്‍ ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിന്റെ ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്തതിനാണ് നടപടി. കഴിഞ്ഞ ദിവസം ഏഴ് പ്രതിപക്ഷ എംഎല്‍എമാരുടെ പിഎമാര്‍ക്കും സമാനരീതിയില്‍ നോട്ടീസ് നല്‍കിയിരുന്നു.
എന്നാല്‍ ഭരണപക്ഷ എംഎല്‍എമാരുടെ പിഎമാര്‍ ദൃശ്യങ്ങള്‍ ചിത്രീകരിച്ചെങ്കിലും ഇവര്‍ക്കെതിരെ നടപടിയുണ്ടായില്ലെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം രംഗത്തുവന്നിരുന്നു.