തെറ്റായി തടങ്കലിൽ; വാൾ സ്ട്രീറ്റ് ലേഖകനെ വേഗം മോചിപ്പിക്കണമെന്ന് റഷ്യയോട് യുഎസ്
Tuesday, April 11, 2023 4:33 AM IST
വാഷിംഗ്ടൺ: ചാരവൃത്തിക്കുറ്റത്തിനു റഷ്യ അറസ്റ്റ് ചെയ്ത വാൾ സ്ട്രീറ്റ് ജേർണൽ പത്രത്തിന്റെ ലേഖകൻ ഇവാൻ ഗെർഷ്കോവിച്ചിനെ വേഗം മോചിപ്പിക്കണമെന്ന് യുഎസ്. ഗെർഷ്കോവിച്ചിനെ റഷ്യ തെറ്റായി തടങ്കലിൽ വച്ചിരിക്കുകയാണെന്ന് യുഎസ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. അദ്ദേഹത്തെ ഉടൻ വിട്ടയക്കണമെന്ന് റഷ്യയോട് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ആവശ്യപ്പെട്ടു.
മാർച്ച 29നാണ് ഗെർഷ്കോവിച്ചിനെ റഷ്യൻ അന്വേഷണ ഏജൻസിയായ എഫ്എസ്ബി അറസ്റ്റ് ചെയ്യുന്നത്. മോസ്കോയിൽ നിന്ന് 1800 കിലോമീറ്റർ അകലെ യെക്കാത്തെരീൻബെർഗിൽ വച്ചായിരുന്നു അറസ്റ്റ്. റഷ്യൻ കാര്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിൽ നിപുണനായിരുന്ന ഗെർഷ്കോവിച്ച് അമേരിക്കയുടെ നിർദേശപ്രകാരമാണു പ്രവർത്തിച്ചിരുന്നതെന്നാണ് എഫ്എസ്ബി ആരോപിച്ചത്.
ഗെർഷ്കോവിച്ചിനെ മോചിപ്പിക്കണമെന്ന് പ്രസിഡന്റ് ജോ ബൈഡനും സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനും നേരത്തെ ആവശ്യപ്പെട്ടിരുന്നു.