കൊച്ചിന് ദേവസ്വം ക്ഷേത്രങ്ങളില്‍ സമിതിയംഗങ്ങളുടെ പേര് കൊത്തിയ ശിലാഫലകങ്ങള്‍ പാടില്ല: ഹൈക്കോടതി
Tuesday, April 11, 2023 2:18 AM IST
കൊച്ചി: കൊച്ചിന് ദേവസ്വം ബോര്‍ഡിനു കീഴിലുള്ള ക്ഷേത്രങ്ങളില്‍ ക്ഷേത്രോപദേശക സമിതിയംഗങ്ങളുടെ പേര് കൊത്തിയ ശിലാഫലകങ്ങള്‍ പാടില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ജസ്റ്റീസ് അനില്‍ കെ നരേന്ദ്രന്, ജസ്റ്റീസ് പി.ജി. അജിത് കുമാര്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ചാണ് ഉത്തരവ് നല്‍കിയത്.
തൃശൂര്‍ നെയ്തലക്കാവ് ക്ഷേത്രത്തിലെ തുലാഭാരത്തട്ടില്‍ അതു സംഭാവന ചെയ്ത ചേറ്റുപുഴ സ്വദേശി വിജയന്റെ പേര് നീക്കം ചെയ്തതു പുനഃസ്ഥാപിക്കാന്‍ കൊച്ചിന് ദേവസ്വം ബോര്‍ഡ് നിര്‍ദേശിച്ചതിനെതിരെ ക്ഷേത്രോപദേശക സമിതി നല്കിയ ഹര്‍ജിയിലാണ് ഡിവിഷന് ബെഞ്ചിന്റെ ഉത്തരവ്.
2014 ജൂലൈയില്‍ വിജയന്റെ പേരക്കുട്ടിയുടെ തുലാഭാരം നടത്തുന്നതിനിടെ തട്ടു തകര്‍ന്നു വീണ് കുട്ടിക്ക് പരിക്കേറ്റിരുന്നു. സംഭവത്തെത്തുടര്‍ന്ന് വിജയന് ക്ഷേത്രത്തിലേക്ക് തന്റെ പേരു കൊത്തിയ തുലാഭാരത്തട്ട് സമര്‍പ്പിച്ചു.
2020 ല്‍ ക്ഷേത്രോപദേശക സമിതി ഈ പേരു നീക്കം ചെയ്തതിനെതിരെ വിജയന് നല്കിയ പരാതിയില്‍ പേര് പുനഃസ്ഥാപിക്കാന്‍ കൊച്ചിന് ദേവസ്വം ബോര്‍ഡ് നിര്‍ദേശം നല്കി. ഇതിനെതിരെയാണ് സമിതി ഹൈക്കോടതിയിലെത്തിയത്.