സൂപ്പർ ഫിർമിനോ; ആഴ്സണലിനെ സമനിലയിൽ കുരുക്കി ലിവർപുൾ
Monday, April 10, 2023 4:36 AM IST
ലണ്ടൻ: പ്രീമിയർ ലീഗിൽ ഒന്നാമതുള്ള ആഴ്സണലിനെതിരെ സമനില പിടിച്ച് ലിവർപുൾ. ആൻഫീൽഡിൽ നടന്ന മത്സരത്തിൽ 2-2നാണ് ഇരുടീമും സമനിലയിൽ പിരിഞ്ഞത്. രണ്ടു ഗോളിന് പിന്നിൽ നിന്ന ശേഷമാണ് ലിവർപുൾ സമനില പിടിച്ചത്.
എട്ടാം മിനിറ്റിൽ യുവതാരം ഗബ്രിയേൽ മാർട്ടിനെല്ലി ആഴ്സണലിന്റെ ആദ്യ ഗോൾ നേടി. 28-ാം മിനിറ്റിൽ ഗബ്രിയേൽ ജീസസ് ആഴ്സണലിന്റെ ലീഡ് രണ്ടായി. ഇടതുവിംഗിൽ മാർട്ടിനെല്ലി നൽകിയ ക്രോസ് ജീസസ് ഹെഡറിലൂടെ വലയിലെത്തിച്ചു.
42-ാം മിനിറ്റിൽ മുഹമ്മദ് സലായിലൂടെ ലിവർപുൾ ആദ്യ ഗോൾ നേടി. രണ്ടാം പകുതിയുടെ തുടക്കംതൊട്ട് ലിവർപുൾ ആക്രമിച്ച് കളിച്ചെങ്കിലും ഗോൾവീണില്ല. കളി അവസാനിക്കാൻ മൂന്നു മിനിറ്റ് മാത്രം ബാക്കിയുള്ളപ്പോൾ ഫിർമിനോ നേടിയ ഗോളാണ് ലിവർപുളിന് സമനില നേടികൊടുത്തത്.
ലീഗിൽ 30 മത്സരങ്ങളിൽ 73 പോയിന്റുമായി ഒന്നാമത് തുടരുകയാണ് ആഴ്സണൽ. രണ്ടാമതുള്ള മാഞ്ചസ്റ്റർ സിറ്റിക്ക് 29 കളിയിൽ 67 പോയിന്റുണ്ട്. ലിവർപുൾ 44 പോയിന്റുമായി ഒമ്പതാമതാണ്.