മുഖ്യന്റെ ഇഫ്താർ വിരുന്നിൽ പങ്കെടുത്ത് ലോകായുക്ത; സംഭവം "ഫുൾബെഞ്ച്' വിധിക്ക് തൊട്ടുമുമ്പ്
Saturday, April 8, 2023 9:02 PM IST
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ സംഘടിപ്പിച്ച ഇഫ്താർ വിരുന്നിൽ ലോകായുക്തയും ഉപലോകായുക്തയും പങ്കെടുത്തത് വിവാദമാകുന്നു. ദുരിതാശ്വാസ നിധി ക്രമക്കേടിലെ വിധി പ്രസ്താവിക്കുന്നതിന് മുമ്പായി ഇവർ വിരുന്നിൽ പങ്കെടുത്തതിന്റെ ഔചിത്യമില്ലായ്മയെച്ചൊല്ലി പ്രതിഷേധം കനക്കുകയാണ്.
മാധ്യമപ്രവർത്തകർക്ക് പ്രവേശനമില്ലാതിരുന്ന ചടങ്ങിൽ ഇരുവരും പങ്കെടുത്ത വിവരം ഇപ്പോഴാണ് സ്ഥിരീകരിക്കുന്നത്. വിരുന്നിൽ മാധ്യമങ്ങൾക്ക് പ്രവേശനം നിഷേധിച്ചിരുന്നതിനാൽ ഇവർ പങ്കെടുത്തതിന്റെ ചിത്രങ്ങളോ ദൃശ്യങ്ങളോ പുറത്തുവന്നിരുന്നില്ല.
വിരുന്നിനെക്കുറിച്ച സർക്കാർ പുറത്തിറക്കിയ വാർത്തക്കുറിപ്പിൽ ലോകായുക്തയുടെ പേര് പരാമർശിച്ചിരുന്നുമില്ല. ചാനലുകൾക്ക് പിആർഡി നൽകിയ ദൃശ്യങ്ങളിൽനിന്ന് ലോകായുക്തയെ ഒഴിവാക്കിയെന്നും ആരോപണമുണ്ട്.
ദുരിതാശ്വാസ നിധിക്കേസിലെ ഹർജിക്കാരനായ ആർ.എസ്. ശിവകുമാർ നടത്തിയ വെളിപ്പെടുത്തലിനെത്തുടർന്നാണ് സംഭവം പുറത്തുവന്നത്. വർഷങ്ങൾ നീണ്ട വാദംകേൾക്കലിന് ശേഷം, ദുരിതാശ്വാസ നിധി കേസ് വിധി പറയാനായി ഫുൾ ബെഞ്ചിലേക്ക് റഫർ ചെയ്യുകയാണെന്ന ലോകായുക്ത വിധി വ്യാപക വിമർശനത്തിന് ഇടയാക്കിയിരുന്നു.