ചെന്നൈ - കോയമ്പത്തൂർ വന്ദേ ഭാരത് എക്സ്പ്രസ് ഓടിത്തുടങ്ങി
Saturday, April 8, 2023 7:17 PM IST
ചെന്നൈ: തദ്ദേശ നിർമിത അതിവേഗ തീവണ്ടിയായ വന്ദേ ഭാരത് എക്സ്പ്രസിന്റെ ചെന്നൈ - കോയമ്പത്തൂർ റൂട്ടിലെ സർവീസ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്തു.
ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ വച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ സാന്നിധ്യത്തിലാണ് സംസ്ഥാനത്ത് കൂടി സർവീസ് നടത്തുന്ന രണ്ടാമത്തെ വന്ദേ ഭാരത് തീവണ്ടിക്ക് മോദി പച്ചക്കൊടി വീശിയത്. ബംഗളൂരു - മൈസൂരു വന്ദേ ഭാരത് എക്സ്പ്രസ് മാസങ്ങൾക്ക് മുമ്പ് സർവീസ് ആരംഭിച്ചിരുന്നു.
പൂർണമായും തമിഴ്നാട്ടിൽ കൂടി സഞ്ചരിക്കുന്ന ആദ്യ വന്ദേ ഭാരത് തീവണ്ടിക്ക് ചെന്നൈ - കോയമ്പത്തൂർ റൂട്ടിൽ മൂന്ന് സ്റ്റോപ്പുകൾ മാത്രമാകും ഉണ്ടാവുക. സേലം, ഈറോഡ്, തിരൂപ്പൂർ എന്നിവിടങ്ങളിൽ മാത്രം നിർത്തുന്ന ട്രെയിൻ ബുധനാഴ്ച ഒഴിച്ച് ആഴ്ചയിലെ എല്ലാ ദിവസങ്ങളിലും സർവീസ് നടത്തും.
കോയമ്പത്തൂരിൽ നിന്ന് രാവിലെ 6:50-ന് പുറപ്പെടുന്ന തീവണ്ടി 11:50-ന് ചെന്നൈ സെൻട്രലിൽ എത്തിച്ചേരും. ചെന്നൈയിൽ നിന്ന് ഉച്ചയ്ക്ക് 2:25-ന് പുറപ്പെടുന്ന തീവണ്ടി 8:15-ന് കോമ്പത്തൂരിൽ എത്തും. നിലവിൽ ഈ റൂട്ടിലുള്ള യാത്രാസമയത്തേക്കാൾ ഒരു മണിക്കൂർ 20 മിനിറ്റ് ലാഭിക്കാൻ വന്ദേ ഭാരത് സഹായിക്കും.
ചെന്നൈ - കോയമ്പത്തൂർ റൂട്ടിൽ ചെയർ കാറിന്റെ ടിക്കറ്റ് നിരക്ക് 1,365 രൂപയും എക്സിക്യൂട്ടിവ് ചെയർ കാറിന്റെ നിരക്ക് 2.490 രൂപയുമാണ്.