വയനാട്ടിൽ കടുവയുടെ ജഡം കണ്ടെത്തി
Thursday, April 6, 2023 9:09 PM IST
കൽപ്പറ്റ: വയനാട് വന്യജീവി സങ്കേതത്തിനുള്ളിൽ കടുവയുടെ ജഡം കണ്ടെത്തി. 10 വയസ് പ്രായം തോന്നിക്കുന്ന കടുവയെയാണ് ചത്ത നിലയിൽ കണ്ടെത്തിയത്.
കർണാടക അതിർത്തിക്ക് സമീപം സുൽത്താൻ ബത്തേരി റേഞ്ചിലെ രാംപുർ മേഖലയിലാണ് കടുവയുടെ ജഡം കണ്ടെത്തിയത്. പതിവ് പരിശോധനകൾ നടത്തുന്നതിനിടെയാണ് വനപാലകർ സംഭവമറിഞ്ഞത്.
കടുവയുടെ കാലുകൾ ഒടിഞ്ഞിരുന്നതായും ശരീരമാസകലം പരിക്കുകൾ കണ്ടതായും അധികൃതർ അറിയിച്ചു. മറ്റൊരു കടുവയുമായുണ്ടായ പോരിനിടെയാകാം കടുവ ചത്തതെന്നും പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയെന്നും അധികൃതർ വ്യക്തമാക്കി. കടുവയുടെ ജഡത്തിൽ നിന്ന് ശേഖരിച്ച സാംപിളുകൾ വിദഗ്ധ പരിശോധനയ്ക്കായി ദേശീയ ലാബിലേക്ക് അയയ്ക്കും.