ജയിൽ ഡിജിപിയെ മുഖ്യമന്ത്രി തിരുത്തി; വിശുദ്ധ കുർബാന വിലക്കു നീക്കി
സിജോ പൈനാടത്ത്
Thursday, April 6, 2023 4:08 PM IST
കൊച്ചി: സംസ്ഥാനത്തെ ജയിലുകളില്‍ തടവുപുള്ളികള്‍ക്കായി ദിവ്യബലിയര്‍പ്പണം ഉള്‍പ്പടെ വിശ്വാസപരമായ ആവശ്യങ്ങള്‍ക്ക് ഏർപ്പെടുത്തിയ വിലക്ക് നീക്കി. കെസിബിസി പ്രസിഡന്റ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ ആശയവിനിമയത്തെ തുടർന്നാണ് സർക്കാരിൽ നിന്ന് അടിയന്തര നടപടി ഉണ്ടായത്. ഇതു സംബന്ധിച്ച നിർദേശം ജയിൽ മേധാവിക്ക് നൽകിയതായി മുഖ്യമന്ത്രി അറിയിച്ചു.
ജയിലുകളില്‍ തടവുപുള്ളികള്‍ക്കായി ദിവ്യബലിയര്‍പ്പണവും മറ്റു സേവനങ്ങളും നൽകുന്ന ജീസസ് ഫ്രട്ടേണിറ്റി ഉൾപ്പെടെയുള്ള പ്രസ്ഥാനങ്ങളുടെ പ്രവേശനം വിലക്കിക്കൊണ്ടുള്ള ജയില്‍ ഡിജിപി ബൽറാം കുമാർ ഉപാധ്യായയുടെ നിർദേശം സംബന്ധിച്ച് കർദിനാൾ ക്ലീമിസ് ബുധനാഴ്ച രണ്ടുവട്ടം മുഖ്യമന്ത്രിയുമായി വിഷയത്തിൽ ഫോണിലൂടെ ചർച്ച നടത്തി. തടവുപുള്ളികളുടെ മനസികവും ആത്മീയവുമായ ആവശ്യങ്ങൾ നിഷേധിക്കുന്നത് നീതിയല്ലെന്നു കർദിനാൾ അഭിപ്രായപ്പെട്ടു.
മുഖ്യമന്ത്രിയുടെ പുതിയ നിർദേശത്തിന്റെ വെളിച്ചത്തിൽ ഇന്ന് സംസ്ഥാനത്തെ വിവിധ ജയിലുകളിൽ പെസഹാ ശുശ്രൂഷകൾ നടക്കും. സമൂഹത്തിലെ നാനാതുറകളിൽ നിന്നും വ്യാപക പ്രതിഷേധമാണ് ജയിൽ ഡിജിപിയുടെ നിർദേശത്തിനെതിരേ ഉയർന്നത്.
ജയിലുകളിലെ അന്തേവാസികളുടെ മനപരിവർത്തനത്തിനും ധാർമിക ജീവിതത്തിനും ആവശ്യമായ പ്രചോദനങ്ങളും പ്രോത്സാഹനങ്ങളും നൽകുന്ന സന്നദ്ധ സംഘടനകൾക്ക് വിലക്ക് ഏർപ്പെടുത്തുന്നത് നീതീകരിക്കാനാവില്ലെന്ന് കെസിബിസി വക്താവ് ഫാ. ജേക്കബ് ജി. പാലക്കാപ്പിള്ളി പറഞ്ഞു.
കെസിബിസിയുടെ കീഴിലുള്ള ജീസസ് ഫ്രട്ടേണിറ്റി ജയിലുകളിലെ അന്തേവാസികളുടെ മാനസികവും ആത്മീയവുമായ വളർച്ചയ്ക്കും നന്മയിലേക്കുള്ള തിരിച്ചുവരവിനും പ്രചോദനം പകരുന്ന ശുശ്രൂഷകളാണ് വർഷങ്ങളായി നടത്തിവരുന്നതെന്നും അദ്ദേഹം പറഞ്ഞു.
കോട്ടയം ജില്ലാ ജയിലിൽ ഈസ്റ്റർ ആഘോഷങ്ങൾ നടത്തുന്നതിന് അനുവാദം നൽകിക്കൊണ്ടുള്ള ജയിൽ അധികാരികളുടെ ഉത്തരവ് ജീസസ് ഫ്രട്ടേണിറ്റി അധികൃതർക്ക് ബുധനാഴ്ച വൈകിട്ട് ലഭിച്ചിട്ടുണ്ട്.