ലോക്സഭ പോരാട്ടത്തിന് തയാറെടുത്ത് എൽഡിഎഫ്
Wednesday, April 5, 2023 7:50 PM IST
തിരുവനന്തപുരം: 2024-ലെ ലോക്സഭ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ ആരംഭിച്ച് എൽഡിഎഫ്. ഇതിന്റെ ഭാഗമായി സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികം വിപുലമായി ആഘോഷിക്കും.
ലോക്സഭാ പോരാട്ടം മുന്നിൽക്കണ്ട് സംസ്ഥാനത്തെ 140 നിയമസഭാ മണ്ഡലങ്ങളിലും ഇടതുമുന്നണിയുടെ നേതൃത്വത്തിൽ ബഹുജന റാലികൾ നടത്തും. ഏപ്രിൽ 25 മുതൽ മേയ് 20 വരെയാണ് പരിപാടികൾ.
മെയ് 20-ന് തിരുവനന്തപുരത്ത് നടക്കുന്ന സമാപന സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ള നേതാക്കൾ പങ്കെടുക്കും. പരിപാടികളുടെ ഭാഗമായി ജില്ലാ തലത്തിൽ മുന്നണി യോഗങ്ങൾ ചേരാനും തീരുമാനമായി. തിരുവനന്തപുരത്ത് ചേർന്ന മുന്നണിയോഗത്തിലാണ് ഇക്കാര്യങ്ങൾ തീരുമാനിച്ചത്.
തെരഞ്ഞെടുപ്പ് ഒരുക്കത്തിന്റെ ഭാഗമായി സിപിഎമ്മിന്റെ കമ്മിറ്റികളെല്ലാം തെരഞ്ഞെടുപ്പു കമ്മിറ്റികളായാണ് ഇപ്പോൾ പ്രവർത്തിച്ചു വരുന്നത്.