ക്രിമിനൽ കേസ്: കുറ്റം നിഷേധിച്ച് ട്രംപ്, കോടതിയിൽ നിന്ന് മടങ്ങി
Wednesday, April 5, 2023 12:07 PM IST
ന്യൂയോർക്ക്: അവിഹിതബന്ധം മറച്ചുവെക്കാന്‍ പോണ് സിനിമാനടിക്ക് പണംനല്‍കിയെന്ന കേസില്‍ കുറ്റം നിഷേധിച്ച് മുൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ട്രംപിനെതിരെ 34 കുറ്റങ്ങളാണ് കോടതി ചുമത്തിയത്. കേസിൽ കുറ്റപത്രം വായിച്ചുകേട്ട ട്രംപ് ആരോപണങ്ങൾ നിഷേധിച്ചു. വാദം പൂർത്തിയാക്കിയ ശേഷം മടങ്ങിയ ട്രംപ് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിച്ചില്ല.
അവിഹിതബന്ധം പുറത്തുപറയാതിരിക്കാൻ നീലച്ചിത്ര നടി സ്റ്റോമി ഡാനിയൽസിന് 1,30,000 ഡോളർ നല്‍കിയെന്നാണ് കേസിലാണ് ട്രംപിനെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയത്. ട്രംപ് ചൊവ്വാഴ്ച ന്യൂയോർക്കിലെ ലോവർ മാൻഹാട്ടനിലുള്ള കോടതി സമുച്ചയത്തിലെത്തി അന്വേഷണ ഉദ്യേഗസ്ഥനായ മാൻഹാട്ടൻ ഡിസ്ട്രിക്റ്റ് അറ്റോർണി ആൽവിൻ ബ്രാഗിനു മുന്നിൽ കീഴടങ്ങുകയായിരുന്നു.
ട്രംപിന്റെ വിരലടയാളം രേഖപ്പെടുത്തിയതോടെ അദ്ദേഹം ഔദ്യോഗികമായി അറസ്റ്റിലായി. തുടർന്ന് ട്രംപിനെ സമീപമുള്ള ന്യൂയോർക്ക് കൗണ്ടി ക്രിമിനൽ കോടതിയിൽ ഹാജരാക്കുകയായിരുന്നു. പണം നല്‍കിയതിൽ തെറ്റില്ലെങ്കിലും അതു വക്കീൽ ഫീസെന്ന ഇനത്തിൽ വകയിരുത്തിയത് ബിസിനസ് രേഖകളിൽ കൃത്രിമത്വം കാണിക്കലാണ് എന്നതാണ് കേസിനാധാരം.
ട്രംപ് ടവറിനും കോടതിക്കും സമീപം വൻ മാധ്യമപ്പട തന്പടിച്ചിരുന്നു. കോടതിക്കു പുറത്ത് ട്രംപിന്റെ അനുയായികളും എതിരാളികളും തമ്മിൽ ചെറിയ ഏറ്റുമുട്ടലുണ്ടായി. അമേരിക്കയിൽ അധികാരമൊഴിഞ്ഞതോ ഭരണത്തിലിരിക്കുന്നതോ ആയ പ്രസിഡന്റ് ക്രിമിനൽ വിചാരണ നേരിടുന്നത് ഇതാദ്യമാണ്.
ഫ്ലോറിഡയിലായിരുന്ന ട്രംപ് തിങ്കളാഴ്ചയാണ് സ്വന്തം വിമാനത്തിൽ ന്യൂയോർക്കിലെത്തിയത്. സ്വന്തം ഉടമസ്ഥതയിലുള്ള ട്രംപ് ടവറിൽ തങ്ങിയ അദ്ദേഹം നിയമവിദഗ്ധരുമായി വലിയ ആലോചനകൾ നടത്തിയശേഷമാണ് കോടതിയിലേക്കു വന്നത്. ട്രംപ് ടവറിൽനിന്ന് കോടതിയിലേക്കുള്ള അദ്ദേഹത്തിന്റെ യാത്രയിൽ സീക്രട്ട് സർവീസും പോലീസും വഴികളെല്ലാമടച്ച് സുരക്ഷയൊരുക്കി.
നഗരത്തിലുടനീളം ട്രംപിന്റെ അനുയായികളും എതിരാളികളും സംഘടിച്ചിരുന്നു. ഏതു സാഹചര്യവും നേരിടാനായി യൂണിഫോമിൽ 35,000 പോലീസുകാരെ തയാറാക്കി നിർത്തിയിരുന്നു.
2016ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ട്രംപ് മത്സരിക്കാനൊരുങ്ങവേയാണ് സ്റ്റോമി ഡാനിയൽസ് രംഗത്തുവന്നത്. 2006ൽ ട്രംപുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നു പറഞ്ഞ സ്റ്റോമിയെ നിശബ്ദയാക്കാനായി ട്രംപിന്റെ അഭിഭാഷകൻ മൈക്കിൾ കോഹൻ ആണ് പണം നല്‍കിയത്. സ്റ്റോമിയുമായി ബന്ധപ്പെട്ടിട്ടില്ലെന്നും തന്നെ രാഷ്ട്രീയമായി വേട്ടയാടുകയാണെന്നുമാണ് ട്രംപ് പറയുന്നത്.