മുഖ്യമന്ത്രി ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു
Tuesday, April 4, 2023 11:02 PM IST
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു. നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ നടന്ന ചടങ്ങിൽ സാമൂഹിക, സാംസ്കാരിക രംഗങ്ങളിലെ നിരവധി പ്രമുഖർ പങ്കെടുത്തു.
മുഖ്യമന്ത്രി പിണറായി വിജയനും പത്നി കമലയും ചേർന്നു വിരുന്നിലേക്ക് വിശിഷ്ടാതിഥികളെ സ്വീകരിച്ചു. നിയമസഭ സ്പീക്കർ എ.എൻ. ഷംസീർ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ് എന്നിവർക്കൊപ്പം മന്ത്രിസഭാംഗങ്ങളും വിരുന്നിൽ പങ്കെടുത്തു.
സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി, പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, ഡോ.എം.കെ. മുനീർ, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, ബിജെപി നേതാവ് ഒ. രാജഗോപാൽ, പ്രഫ. കെ.വി. തോമസ് എന്നിവരും സന്നിഹിതരായിരുന്നു.
ബിഷപ്പ് റോയ്സ് മനോജ്, വെള്ളാപ്പള്ളി നടേശൻ, സംസ്ഥാന യുവജന കമ്മീഷൻ അധ്യക്ഷ ഡോ. ചിന്ത ജെറോം, വ്യാവസായിക, രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖർ, സംസ്ഥാന സർക്കാരിലെ ഉന്നത ഉദ്യോഗസ്ഥർ, മാധ്യമ സ്ഥാപന മേധാവികൾ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.