ബ്രഹ്മപുരം തീപിടിത്തം; വിദഗ്ധ സമിതിയെ നിയോഗിച്ചു
Tuesday, April 4, 2023 7:38 PM IST
കൊച്ചി: ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീപിടിത്തം മൂലം പടർന്ന വിഷപ്പുക ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിച്ചിട്ടുണ്ടോ എന്നറിയാനായി വിദഗ്ധ സമിതിയെ നിയോഗിച്ച് സർക്കാർ.
ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. കെ.ജെ റീന ആണ് സമിതിയുടെ അധ്യക്ഷ. സമഗ്രമായ റിപ്പോർട്ട് രണ്ട് മാസത്തിനകം സർക്കാരിന് സമർപ്പിക്കാൻ വിദഗ്ധ സമിതിക്ക് നിർദേശം നൽകിയതായി ആരോഗ്യമന്ത്രി വീണാ ജോർജ് വ്യക്തമാക്കി.
നിലവിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള ആരോഗ്യ പ്രശ്നങ്ങൾ, ഭാവിയിൽ ഉണ്ടാകാനിടയുള്ള ആരോഗ്യ പ്രശ്നങ്ങൾ എന്നിവ സമിതി പരിശോധിക്കും.
ദീർഘകാലത്തേക്ക് നിലനിൽക്കുന്ന ആരോഗ്യപ്രശ്നങ്ങളും അവ സൃഷ്ടിക്കുന്ന ഘടകങ്ങളും വിലയിരുത്തും. ഇത്തരം ഘടകങ്ങൾ വെള്ളം, മണ്ണ്, മനുഷ്യശരീരം, ഭക്ഷ്യശൃംഖല എന്നിവയിൽ ഉണ്ടോയെന്നും ഉണ്ടാകാനിടയുണ്ടോയെന്നും സമിതി പരിശോധിക്കും.
കുഫോസ് പ്രോ വിസി ഡോ. സി.പി. വിജയൻ, സീനിയർ സയന്റിസ്റ്റ് ഡോ. പ്രതീഷ്, മഞ്ചേരി മെഡിക്കൽ കോളേജിലെ ഡോ. അനീഷ് ടി.എസ്, തൃശൂർ മെഡിക്കൽ കോളേജിലെ ഡോ. സഞ്ജീവ് നായർ, തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡോ. പി.കെ. ജബ്ബാർ, ഡോ. ജയകുമാർ സി., ചെന്നൈ പിസിബി മേഖലാ ഡയറക്ടർ ഡോ. എച്ച്.ഡി. വരലക്ഷ്മി, എസ്ച്ച്എസ്ആർസി എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. ജിതേഷ് എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ.