ചടയമംഗലത്ത് വാഹനാപകടം: രണ്ട് യുവാക്കൾ മരിച്ചു
Tuesday, April 4, 2023 3:15 PM IST
കൊല്ലം: ചടയമംഗലത്ത് ബൈക്ക് വാനുമായുമായി കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. ചടയമംഗലം കോട്ടുക്കൽ ലൈലാമൻസിലിൽ നൗഫൽ (24), കോട്ടുക്കൽ ബിസ് വില്ലയിൽ ബദറുദീന്റെ മകൻ അൽഅമീൻ (21) എന്നിവരാണ് മരിച്ചത്.
കഴിഞ്ഞ രാത്രി ഒന്പതോടെ ചടയമംഗലം പള്ളിക്കൽ റോഡിൽ മാടൻനട ജംഗ്ഷനിലാണ് അപകടം. പരിക്കേറ്റ നൗഫലിനെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിലും അൽഅമീനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വാനിന്റെ ഡ്രൈവർ കടയ്ക്കൽ സ്വദേശി സാവിത്തിനെ ചടയമംഗലം പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ മദ്യലഹരിയിലാണ് വാഹനം ഓടിച്ചതെന്ന് വൈദ്യപരിശോധനയിൽ വ്യക്തമായതായി പോലീസ് പറഞ്ഞു.
304 വകുപ്പ് പ്രകാരമാണ് പോലീസ് കേസെടുത്തത്. യുവാക്കൾ വർക്കല ബീച്ചിൽ പോയിട്ട് മടങ്ങിവരവെയാണ് അപകടം. അൽഅമീന്റെ മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപതി മോർച്ചറിയിലും നൗഫലിന്റെ കടയ്ക്കൽ താലൂക്ക് ആശുപത്രി മോർച്ചറിയിലും സൂക്ഷിച്ചിരിക്കുകയാണ്.