"വലിയ നേതാക്കൾ ചെറിയ കുട്ടികളെ പോലെ സംസാരിച്ച് വിലകളയുന്നു'; കെ. മുരളീധരന് വിമർശനം
Sunday, April 2, 2023 3:24 PM IST
തിരുവനന്തപുരം: വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷത്തിൽ തന്നെ അവഗണിച്ചെന്ന കെ. മുരളീധരൻ എംപിയുടെ കുറ്റപ്പെടുത്തലിനെ വിമർശിച്ച് കെപിസിസി ജനറൽ സെക്രട്ടറി പഴകുളം മധു.
വലിയ നേതാക്കള്‍ ചെറിയ കുട്ടികളെ പോലെ സംസാരിച്ച് വില കളയുന്നുവെന്നും ഇത്തരം നേതാക്കള്‍ ജനങ്ങളുടെ മനസിലുണ്ടാകില്ലെന്നും ഇവരെ ജനങ്ങള്‍ പരിഹാസത്തോടയെ കാണുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ കോണ്‍ഗ്രസിന്റെ ബലഹീനത നേതാക്കന്മാരാണെന്നും കാലത്തിനനുസരിച്ച് മാറിയില്ലെങ്കില്‍ കനത്ത വെല്ലുവിളി നേരിടേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
കെപിസിസി മുൻ പ്രസിഡന്റായിട്ടും വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷത്തിൽ തനിക്ക് പ്രസംഗിക്കാൻ അവസരം നൽകിയില്ലെന്നതുൾപ്പടെ നിരവധി വിമർശനമാണ് കെ. മുരളീധരൻ ഉന്നയിച്ചത്.
രമേശ് ചെന്നിത്തലയും എം.എം. ഹസനും പ്രസംഗിച്ചു. പാർട്ടി മുഖപത്രത്തിലെ സപ്ലിമെന്റിലും പേരുണ്ടായില്ല. ഒരാൾ ഒഴിവായാൽ അത്രയും നന്നായി എന്നാണ് നേതൃത്വത്തിന്റെ മനോഭാവം.
എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെ അതൃപ്തി അറിയിച്ചെന്നും കെ. മുരളീധരൻ കൊച്ചിയിൽ പറഞ്ഞു. തന്റെ സേവനം പാർട്ടിക്കുവേണ്ടെങ്കിൽ വേണ്ട. സ്വരം നന്നായിരിക്കുമ്പോൾ പാട്ടുനിർത്താനാണ് തീരുമാനമെന്നും മുരളീധരൻ വ്യക്തമാക്കിയിരുന്നു.