കെടിയു വിസി ആയി സജി ഗോപിനാഥിനെ നിയമിച്ച് ഗവർണർ
Friday, March 31, 2023 7:41 PM IST
തിരുവനന്തപുരം: സാങ്കേതിക സര്‍വകലാശാലയുടെ(കെടിയു) വൈസ് ചാന്‍സലര്‍ ആയി ഡിജിറ്റല്‍ സര്‍വകലാശാല വിസി ഡോ. സജി ഗോപിനാഥിനെ നിയമിച്ച് ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാൻ. ഡോ. സിസ തോമസ് വിരമിക്കുന്ന ഒഴിവില്‍ അധിക ചുമതല നല്‍കിയാണ് സജി ഗോപിനാഥിനെ നിയമിക്കുന്നത്.
സര്‍ക്കാര്‍ നല്കിയ പാനലില്‍ നിന്നാണ് ഡോ. സജി ഗോപിനാഥിനെ ഗവർണർ തെരഞ്ഞെടുത്തത്. ഡോ. സജി ഗോപിനാഥ് ശനിയാഴ്ച ചുമതലയേറ്റെടുക്കും.
സാങ്കേതിക സർവകലാശാല വിസിയായിരുന്ന ഡോ. എം.എസ്. രാജശ്രീയുടെ നിയമനം സുപ്രീം കോടതി റദ്ദാക്കിയതിനെ തുടർന്ന് ഇതേ കാരണം ചൂണ്ടിക്കാട്ടി ഡോ. സജി ഗോപിനാഥ് ഉൾപ്പെടെയുള്ള വൈസ് ചാൻസലർമാർക്ക് ഗവർണർ കാരണം കാണിക്കൽ നോട്ടീസ് നല്‍കിയിരുന്നു. ഇതിന്റെ തുടർച്ചയായി രാജ്ഭവനിൽ ഹിയറിംഗും നടത്തിയിരുന്നു.
രാജശ്രീക്ക് പകരം താൽക്കാലിക വിസിയായി നിയമിക്കാനായി സർക്കാർ സമർപ്പിച്ച മൂന്നംഗ പാനലിലെ ഒന്നാമത്തെ പേരുകാരനായിരുന്നു ഡോ. സജി ഗോപിനാഥ്. എന്നാൽ അന്ന് സർക്കാർ നല്കിയ ലിസ്റ്റ് തള്ളിയ ഗവർണർ, ഡോ. സിസാ തോമസിന് ചുമതല കൈമാറുകയായിരുന്നു. സർക്കാരും ഗവർണറും തമ്മിലുള്ള ശീതസമരത്തിന്റെ ഭാഗമായായിരുന്നു അന്നത്തെ നീക്കം.
ഗവർണറും സർക്കാരും തമ്മിൽ വീണ്ടും സൗഹൃദത്തിലായതോടെ ഡോ. സജി ഗോപിനാഥിനെ തന്നെ വിസിയായി നിയമിച്ച് ഉത്തരവ് ഇറക്കുകയായിരുന്നു.