പഞ്ചാബ് മുഖ്യമന്ത്രിയുടെ മകള്‍ക്ക് വധഭീഷണി; സുരക്ഷ ഉറപ്പാക്കണമെന്ന് ഡല്‍ഹി വനിതാ കമ്മീഷന് അധ്യക്ഷ
Friday, March 31, 2023 4:13 PM IST
ന്യൂഡല്‍ഹി: പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്റെ മകള്‍ക്ക് അമേരിക്കയില്‍വച്ച് ഖലിസ്ഥാന്‍ വാദികളുടെ വധഭീഷണിയുണ്ടായെന്നും സുരക്ഷ ഉറപ്പാക്കണമെന്നും ഡല്‍ഹി വനിതാ കമ്മീഷന് അധ്യക്ഷ സ്വാതി മലിവാള്‍.
ട്വിറ്ററിലാണ് സ്വാതി ഇക്കാര്യം വെളിപ്പെടുത്തിയത്. ഭഗവന്ത് മാന്റെ മകള്‍ക്ക് വധഭീഷണി ഉണ്ടായതായുള്ള റിപ്പോര്‍ട്ടുകള്‍ ശ്രദ്ധയില്‍പെട്ടു. ഇത് അങ്ങയറ്റത്തെ ഭീരുത്വമാണ്. പെണ്‍കുട്ടിക്ക് സുരക്ഷ ഉറപ്പാക്കണമെന്ന് അമേരിക്കയിലെ ഇന്ത്യന്‍ എംബസിയോട് അഭ്യര്‍ഥിക്കുന്നതായും അവര്‍ ട്വിറ്ററില്‍ കുറിച്ചു.
അഭിഭാഷകയായ ഹര്‍മീത് ബ്രാര്‍ ആണ് ഭഗവന്ത് മാന്റെ മകള്‍ സീരത് കൗറിന് ഭീഷണിയുണ്ടെന്ന വെളിപ്പെടുത്തലുമായി ആദ്യം രംഗത്തെത്തിയത്. കുട്ടികളെ ഭീഷണിപ്പെടുത്തുകയും അധിക്ഷേപിക്കുകയും ചെയ്താല്‍ നിങ്ങള്‍ക്ക് ഖാലിസ്ഥാൻ ലഭിക്കുമോ അത്തരക്കാര്‍ സിഖ് മതത്തിന് കളങ്കമാണെന്നും അഭിഭാഷക ഫേസ്ബുക്കില്‍ കുറിച്ചു.
വിഘടനവാദി നേതാവ് അമൃത്പാല്‍ സിംഗിനും കൂട്ടാളികള്‍ക്കും നേരെയുള്ള പഞ്ചാബ് സർക്കാരിന്റെ നടപടികളുടെ പശ്ചാത്തലത്തിലാണ് ഭീഷണിയെന്നാണ് സൂചന.