അമൃത്പാൽ സിംഗിന്റെ ഡ്രൈവർ പോലീസ് കസ്റ്റഡിയിൽ
Friday, March 31, 2023 3:12 PM IST
അമൃത്സർ: വിഘടനവാദി നേതാവ് അമൃത്പാൽ സിംഗിനൊപ്പം പോലീസിന്റെ കണ്ണുവെട്ടിച്ച് രക്ഷപെട്ട അടുത്ത അനുയായിയെ പോലീസ് അറസ്റ്റ് ചെയ്തു. ജോഗ സിംഗ് എന്നയാളെയാണ് ലുധിയാനയിലെ സോനെവാള് എന്ന സ്ഥലത്ത് നിന്നും പോലീസ് പിടികൂടിയത്.
അമൃത്പാൽ സിംഗിനും അദ്ദേഹത്തിന്റെ ഖാലിസ്ഥാൻ അനുകൂല സംഘടനയായ വാരിസ് പഞ്ചാബ് ദേക്കുമെതിരെ പോലീസ് നടപടി ആരംഭിച്ചപ്പോൾ, തന്റെ ഡ്രൈവർ ജോഗ സിംഗിനും കൂട്ടാളി പപ്പൽപ്രീതിനുമൊപ്പമാണ് അമൃത്പാൽ ഒളിവിൽ പോയത്.
പോലീസിനെ തെറ്റിദ്ധരിപ്പിക്കാൻ മൊബൈൽ ഫോൺ ഓണാക്കി യാത്രചെയ്യാൻ ജോഗ സിംഗിനോട് അമൃതപാൽ സിംഗ് ആവശ്യപ്പെട്ടിരുന്നു. ജോഗ സിംഗിന്റെ ഫോൺ സിഗ്നൽ കേന്ദ്രീകരിച്ചാണ് പഞ്ചാബ് പോലീസ് അമൃത്പാലിനെ ട്രാക്ക് ചെയ്തത്.
ജോഗ സിംഗിനെ പോലീസുകാർ പിടികൂടിയപ്പോൾ അയാൾ തനിച്ചായിരുന്നു. ഈ സമയംകൊണ്ട് അമൃത്പാലിന് മറ്റൊരുസ്ഥലത്തേക്ക് സുരക്ഷിതനായി പോകാനും കഴിഞ്ഞു.
അതേസമയം, കഴിഞ്ഞ 14 ദിവസങ്ങളായി അമൃത്പാൽ സിംഗ് ഒളിവിലാണ്. പോലീസിന് മുൻപിൽ കീഴടങ്ങില്ലെന്ന് ചൂണ്ടിക്കാട്ടി അദ്ദേഹം വീഡിയോ പങ്കുവച്ചിട്ടുമുണ്ട്.