പ്രീമിയം സ്ഥാപനങ്ങളിൽ നിന്ന് കൊഴിഞ്ഞുപോയത് 19,256 എസ്സി-എസ്ടി, ഒബിസി വിദ്യാർഥികൾ
Wednesday, March 29, 2023 7:20 PM IST
ന്യൂഡൽഹി: കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഐഐടി, ഐഐഎം അടക്കമുള്ള പ്രീമിയം വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് 19,256 എസ്സി - എസ്ടി, ഒബിസി വിദ്യാർഥികൾ കൊഴിഞ്ഞുപോയതായി കേന്ദ്ര സർക്കാർ.
രാജ്യസഭയിലെ ചോദ്യത്തിന് ഉത്തരം നൽകവെ വിദ്യാഭ്യാസ സഹമന്ത്രി സുഭാസ് സർക്കാർ ആണ് ഈ കണക്ക് വെളിപ്പെടുത്തിയത്. 2018 മുതൽ 2023 കാലഘട്ടത്തിൽ രാജ്യത്തെ കേന്ദ്ര സർവകലാശാലകളിൽ നിന്ന് ദുർബല വിഭാഗത്തിൽപ്പെട്ട 14,446 വിദ്യാർഥികളാണ് പഠനം നിർത്തിപ്പോയത്.
ഇതേ കാലയളവിൽ ഐഐടികളിൽ നിന്ന് 4,444 പട്ടികജാതി -പട്ടികവർഗ, ഒബിസി വിദ്യാർഥികളും ഐഐഎമ്മിൽ നിന്ന് 366 വിദ്യാർഥികളും കൊഴിഞ്ഞുപോയതായി സർക്കാർ വ്യക്തമാക്കി. താൽപര്യമുള്ള മറ്റ് കോഴ്സുകളിലേക്കും കോളജുകളിലേക്കും പഠനം മാറ്റാനാണ് ഭൂരിഭാഗം വിദ്യാർഥിളും അഡ്മിഷൻ റദ്ദാക്കിയതെന്ന് സർക്കാർ വ്യക്തമാക്കി.
പ്രീമിയം സ്ഥാപനങ്ങളിൽ കടുത്ത ജാതിവിവേചനം നടക്കുന്നതായുള്ള ആരോപണങ്ങൾക്കിടെയാണ് ഈ കണക്ക് പുറത്തുവന്നത്. എന്നാൽ സർക്കാർ നൽകിയ ഉത്തരത്തിൽ എവിടെയും ജാതിവിവേചനം സംബന്ധിച്ച കണക്കുകളില്ല.