കെ.കെ. രമയ്ക്കെതിരെ വധഭീഷണിയുമായി "പയ്യന്നൂർ സഖാക്കൾ'
Wednesday, March 29, 2023 6:56 PM IST
കോഴിക്കോട്: നിയമസഭാ സംഘർഷത്തിൽ കൈയ്ക്ക് പരിക്കേറ്റ ആർഎംപി എംഎൽഎ കെ.കെ രമയ്ക്കെതിരെ ഭീഷണിക്കത്ത്. സംഭവത്തിൽ രമ നൽകിയ കേസ് പിൻവലിക്കണമെന്നും ഇല്ലെങ്കിൽ ഒരു മാസത്തിനകം തീരുമാനം നടപ്പിലാക്കുമെന്നും "പയ്യന്നൂർ സഖാക്കൾ' എന്ന പേരിൽ എത്തിയ കത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
സെക്രട്ടേറിയേറ്റിലെ വിലാസത്തിലാണ് ഭീഷണിക്കത്ത് എത്തിയത്. ‘രമേ, നീ വീണ്ടും കളി തുടങ്ങി അല്ലേ’ എന്ന വാചകത്തോടെയാണ് കത്ത് ആരംഭിക്കുന്നത്. കൈയൊടിച്ചു, കാലൊടിഞ്ഞു എന്നെല്ലാം പറഞ്ഞ് സഹതാപം പിടിച്ചു പറ്റാൻ ശ്രമിക്കുകയാണെന്നും കത്തിൽ കുറിച്ചിട്ടുണ്ട്.
രമയ്ക്കുള്ള അവസാനത്തെ താക്കീതാണ് ഇത്. പറഞ്ഞാൽ പറഞ്ഞതുപോലെ ചെയ്യുന്ന പാർട്ടിയാണ് ഞങ്ങളുടേത് എന്ന് അറിയാമല്ലോ; ഭരണം പോയാലും അത് ചെയ്യുമെന്നും കത്തിലുണ്ട്.
കത്ത് ലഭിച്ചയുടൻ രമ ഡിജിപിക്ക് പരാതി നൽകി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും പ്രതികളെപ്പറ്റി സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്നും അധികൃതർ അറിയിച്ചു.