സവര്‍ക്കര്‍ ദൈവമാണ്, അപമാനിച്ചാല്‍ സഹിക്കില്ല; രാഹുലിനോട് ഉദ്ധവ് താക്കറെ
Monday, March 27, 2023 11:59 AM IST
മുംബൈ: വി.ഡി.സവര്‍ക്കറെ അപമാനിച്ചാല്‍ തങ്ങള്‍ സഹിക്കില്ലെന്ന് രാഹുല്‍ ഗാന്ധിയോട് ശിവസേനാ നേതാവ് ഉദ്ധവ് താക്കറെ. ഇത് പ്രതിപക്ഷ ഐക്യത്തിന് കോട്ടമുണ്ടാക്കുമെന്നും താക്കറെ പറഞ്ഞു.
മാപ്പ് പറയാന്‍ ഞാന്‍ സവര്‍ക്കറല്ലെന്ന രാഹുലിന്റെ പരാമര്‍ശത്തിനെതിരെയാണ് താക്കറെ രംഗത്തുവന്നത്. സവര്‍ക്കര്‍ തങ്ങളുടെ ദൈവമാണ്, അദ്ദേഹത്തോടുള്ള അനാദരവ് വച്ച് പൊറുപ്പിക്കില്ല.
ആന്‍ഡമാനിലെ ജയിലില്‍ 14 വര്‍ഷത്തോളം സങ്കല്പ്പിക്കാനാത്തവണ്ണമുള്ള ക്രൂരപീഡനങ്ങള്‍ക്ക് ഇരയായ ആളാണ് സവര്‍ക്കര്‍. അത് വലിയ ത്യാഗമാണെന്നും താക്കറെ കൂട്ടിചേര്‍ത്തു.
മഹാരാഷ്ട്രയില്‍ ശിവസേന ഉദ്ധവ് വിഭാഗം കോണ്‍ഗ്രസുമായും എന്‍സിപിയുമായും സഖ്യമുണ്ടാക്കിയത് ജനാധിപത്യം സംരക്ഷിക്കാനാണ്. എന്നാല്‍ രാഹുല്‍ ഗാന്ധിയെ മനഃപൂര്‍വം പ്രകോപിപ്പിക്കുകയാണ്. നാം സമയം പാഴാക്കിയാല്‍ ജനാധിപത്യം ഇല്ലാതാകുമെന്നും താക്കറെ വ്യക്തമാക്കി.