ബിൽക്കീസ് ബാനു പീഡനക്കേസിലെ പ്രതി ബിജെപി എംപി, എംഎൽഎ എന്നിവർക്കൊപ്പം പൊതുവേദിയിൽ
Monday, March 27, 2023 5:38 AM IST
അഹമ്മദാബാദ്: 2002ലെ ഗുജറാത്ത് കലാപത്തിനിടെ ബിൽക്കീസ് ബാനു എന്ന ഗർഭിണിയെ കൂട്ടബലാത്സംഗം ചെയ്ത് അവരുടെ കുടുംബത്തിലെ ഏഴുപേരെ കൊലപ്പെടുത്തിയ കേസിലെ പ്രതി ബിജെപി എംപി, എംഎൽഎ എന്നിവർക്കൊപ്പം പൊതുപരിപാടിയിൽ.
ഗുജറാത്തിൽ സർക്കാർ സംഘടിപ്പിച്ച പരിപാടിയിലാണ് സർക്കാർ ജയിലിൽ നിന്നും മോചിപ്പിച്ച 11 പേരിൽ ഒരാൾ പങ്കെടുത്തത്. പ്രതികളുടെ മോചനം സംബന്ധിച്ച് സുപ്രീംകോടതിയിൽ കേസ് ഫയൽ ചെയ്തിട്ടുണ്ട്. കേസ് ഇന്ന് പരിഗണിക്കും.
മാർച്ച് 25 ന് ദാഹോദ് ജില്ലയിലെ കർമ്മാഡി ഗ്രാമത്തിൽ നടന്ന ഗ്രൂപ്പ് ജലവിതരണ പദ്ധതി പരിപാടിയിലാണ് ശൈലേഷ് ചിമൻലാൽ ഭട്ട് എന്നയാൾ പങ്കെടുത്തത്. ദഹോദ് എംപി ജസ്വന്ത് സിൻ ഭാഭോറിനും സഹോദരനും ലിംഖേഡ എംഎൽഎ സൈലേഷ് ഭാഭോറിനുമൊപ്പം ശൈലേഷ് ചിമൻലാൽ ഭട്ട് സ്റ്റേജിൽ നിൽക്കുന്ന വീഡിയോകളും ഫോട്ടോകളും പുറത്തുവന്നു.
കഴിഞ്ഞ വർഷം സ്വാതന്ത്ര്യ ദിനത്തിലാണ് ബിൽക്കീസ് ബാനുവിനെ ബലാത്സംഗം ചെയ്ത കേസിലെ 11 പ്രതികളെ മോചിപ്പിച്ചത്. ഇത് വലിയ വിവാദത്തിന് കാരണമായിരുന്നു.