നടുറോഡിൽ സ്ത്രീയെ ആക്രമിച്ചയാളെ ഇനിയും തിരിച്ചറിഞ്ഞില്ല
Tuesday, March 21, 2023 2:28 PM IST
തിരുവനന്തപുരം: പാറ്റൂരിൽ മൂലവിളാകത്ത് ടൂ വീലർ യാത്രക്കാരിയെ ക്രൂരമായി ആക്രമിച്ച കേസിലെ പ്രതി ഇപ്പോഴും കാണാമറയത്ത്. പോലീസ് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഹെൽമറ്റ് ധരിച്ച ഒരു യുവാവ് കടന്ന് പോകുന്ന ദൃശ്യങ്ങൾ ലഭിച്ചെങ്കിലും വാഹനത്തിന്റെ നന്പരോ അക്രമിയുടെ മുഖമോ വ്യക്തമല്ല.
പ്രദേശത്ത് സ്വകാര്യസ്ഥാപനങ്ങളിലും കടകളിലും സ്ഥാപിച്ചിരിക്കുന്ന കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണെന്നാണ് പോലീസ് പറയുന്നത്. അതേസമയം വീട്ടമ്മയ്ക്കെതിരേ ആക്രമണം നടന്ന് ദിവസങ്ങൾ പിന്നിട്ടിട്ടും അക്രമിയെ കണ്ടെത്താൻ പോലീസിന് സാധിക്കാത്തത് പ്രദേശവാസികളിൽ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.
കഴിഞ്ഞ 13ന് രാത്രിയാണ് മൂലവിളാകം സ്വദേശിനിയായ നാൽപ്പത്തിയൊൻപത് കാരിയായ വീട്ടമ്മ തലവേദനയ്ക്കുള്ള മരുന്ന് വാങ്ങാനായി ടൂ വീലറിൽ ജനറൽ ആശുപത്രി ഭാഗത്തേക്ക് യാത്ര തിരിച്ചത്. ഇതിനിടെയാണ് ബൈക്കിൽ പിന്തുടർന്നെത്തിയ യുവാവ് കടന്ന് പിടിക്കുകയും തല മതിലിൽ ശക്തിയായി ഇടിപ്പിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തത്.
പേട്ട പോലീസിൽ ഫോണിലൂടെ വിളിച്ച് സഹായം തേടിയെങ്കിലും മൂന്ന് ദിവസം കഴിഞ്ഞിട്ടാണ് പോലീസ് കേസെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് വീഴ്ച വരുത്തിയ പേട്ട പോലീസ് സ്റ്റേഷനിലെ രണ്ട് സിവിൽ പോലീസ് ഓഫീസർമാരെ കമ്മീഷണർ സസ്പെന്ഡ് ചെയ്തിരുന്നു.
സ്ത്രീകൾക്ക് നേരെ അക്രമവും പീഡനവും നടത്തുന്ന സ്വഭാവക്കാരെ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുകയാണെന്നാണ് പേട്ട പോലീസ് വ്യക്തമാക്കുന്നത്. തലസ്ഥാന നഗരത്തിൽ ഈ അടുത്തകാലത്തായി സ്ത്രീകൾക്ക് നേരെ ഉണ്ടാകുന്ന അക്രമങ്ങളുടെ എണ്ണം പെരുകുകയാണ്.