മാർ പവ്വത്തിലിന് ചങ്ങനാശേരിയുടെ ആദരവ്; വിലാപയാത്രയിൽ ആയിരങ്ങൾ
സ്വന്തം ലേഖകന്
Tuesday, March 21, 2023 3:33 PM IST
ചങ്ങനാശേരി: കാലംചെയ്ത ആർച്ച് ബിഷപ് മാർ ജോസഫ് പവ്വത്തിലിന് ആയിരങ്ങളുടെ ആദരാഞ്ജലി. ചൊവ്വാഴ്ച രാവിലെ ചങ്ങനാശേരി ആർച്ച് ബിഷപ്സ് ഹൗസിലെത്തിച്ച മാർ പവ്വത്തിലിന്‍റെ ഭൗതികശരീരത്തിൽ സമൂഹത്തിന്‍റെ നാനാതുറയിലുള്ളവർ ആദരമർപ്പിച്ചു.
ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടത്തിന്‍റെ മുഖ്യകാർമികത്വത്തിൽ വിശുദ്ധകുർബാനയും സമൂഹബലിയും നടന്നു. സമൂഹത്തിൽ നന്മയുടെ പ്രകാശം പരത്തിയ ആചാര്യനാണ് മാർ പവ്വത്തിലെന്ന് മാർ പെരുന്തോട്ടം അനുസ്മരിച്ചു.
തുടർന്ന് ഭൗതികശരീരം വിലാപയാത്രയായി നഗരത്തിലൂടെ മാർക്കറ്റ് ചുറ്റി സെന്‍റ് മേരീസ് മെത്രാപ്പോലീത്തൻ പള്ളിയിൽ എത്തിച്ച് പൊതുദർശനത്തിനു വച്ചു. അതിരൂപതയിലെ വിവിധ ഇടവകകളിൽനിന്നുള്ള വിശ്വാസികളും ജാതിമതഭേദമെന്യേയുള്ള ആളുകളുമുൾപ്പെടെ ആയിരങ്ങൾ വിലാപയാത്രയിൽ അണിചേർന്നു.
മാർ ജോസഫ് പെരുന്തോട്ടം, മാർ ജോർജ് കോച്ചേരി, മാർ പോളി കണ്ണൂക്കാടൻ, മാർ ജോർജ് രാജേന്ദ്രൻ, മാർ തോമസ് തറയിൽ, മാർ തോമസ് പാടിയത്ത് എന്നിവര് അനുഗമിച്ചു.
അതിരൂപതയിലെ 18 ഫൊറോന വികാരിമാരുടെ നേതൃത്വത്തിൽ 250 ഇടവകകളിൽ നിന്ന് വൈദികർ, സന്യസ്തർ, കൈക്കാരന്മാർ, വിവിധ സംഘടനാ പ്രതിനിധികൾ, ഇടവകാംഗങ്ങൾ തുടങ്ങിയവർ വെള്ളിക്കുരിശ്, സ്വർണക്കുരിശ്, മുത്തുക്കുടകൾ എന്നിവയേന്തിയാണ് വിലായാത്രയിൽ പങ്കെടുത്തത്.
ഇന്നു പകലും രാത്രിയും ബുധനാഴ്ച രാവിലെ ഒമ്പതുവരെയും മെത്രാപ്പോലീത്തൻ പള്ളിയിൽ പൊതുദർശനത്തിന് അവസരമുണ്ടാകും.
ചിത്രങ്ങൾ: അനൂപ് ടോം