ട്രംപിനെ തിരികെ വിളിച്ച് യുട്യൂബ്
Saturday, March 18, 2023 12:03 PM IST
കാലിഫോർണിയ: യുഎസ് മുൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപിന്റെ അക്കൗണ്ട് പുനഃസ്ഥാപിച്ച് വിഡീയോ ഷെയറിംഗ് പ്ലാറ്റ്ഫോമായ യുട്യൂബ്. 2024-ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് ട്രംപ് ഔദ്യോഗികമായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഈ നീക്കം.
പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ എല്ലാ സ്ഥാനാർഥികളുടെയും വാക്കുകൾ ജനങ്ങൾക്ക് കേൾക്കാനുള്ള തുല്യ അവസരം ഒരുക്കാനാണ് ട്രംപിന്റെ അക്കൗണ്ട് വിലക്ക് പിൻവലിച്ചതെന്ന് യുട്യൂബ് അറിയിച്ചു. അക്കൗണ്ടിൽ നിന്നുള്ള വിവരങ്ങൾ മൂലം അക്രമം നടക്കാൻ സാധ്യതയില്ലെന്ന് വ്യക്തമായതോടെയാണ് ഈ നീക്കമെന്ന് കമ്പനി വ്യക്തമാക്കി.
2021 ജനുവരി ആറിന്, പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ ട്രംപ് അനുകൂലികൾ യുഎസ് കാപിറ്റോളിൽ അതിക്രമിച്ച് കയറിയതിന് പിന്നാലെയാണ് യൂട്യൂബ് അടക്കമുള്ള സാമൂഹ്യമാധ്യമങ്ങൾ അദ്ദേഹത്തിന്റെ അക്കൗണ്ട് നീക്കം ചെയ്തത്.
ട്വിറ്റർ, ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം എന്നിവ ട്രംപിന്റെ അക്കൗണ്ടുകൾക്കുള്ള വിലക്ക് ഈയിടെ നീക്കിയിരുന്നു.