കോഴിക്കോട്ട് കെ. മുരളീധരനെ അനുകൂലിച്ച് ബോർഡുകൾ
Friday, March 17, 2023 4:56 PM IST
കോഴിക്കോട്: കെ. മുരളീധരനെ അനുകൂലിച്ച് കോഴിക്കോട് നഗരത്തിൽ ഫ്ലക്സ് ബോർഡുകൾ. "നിങ്ങൾക്ക് വേണ്ടെങ്കിലും കേരള ജനത ഒറ്റക്കെട്ടായി പറയുന്നു ഞങ്ങൾക്ക് വേണം ഈ നേതാവിനെ' എന്നെഴുതിയ ഫ്ലക്സ് ബോർഡുകളാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
കോൺഗ്രസ് പോരാളികൾ എന്ന പേരിലാണ് ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നത്. നേതൃത്വത്തോടുള്ള അതൃപ്തിയെ തുടർന്ന് ലോക്സഭയിലേക്കോ നിയമസഭയിലേക്കോ മത്സരിക്കാനില്ലെന്ന് കെ. മുരളീധരൻ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടത്.
അച്ചടക്കം പാലിക്കണമെന്നു ചൂണ്ടിക്കാട്ടി കെപിസിസി അധ്യക്ഷന്റെ മുന്നറിയിപ്പ് നോട്ടീസ് കിട്ടിയതിന് പിന്നാലെയാണു താൻ ഇനി ഒരു മത്സരത്തിനുമില്ലെന്ന് മുരളി പ്രഖ്യാപിച്ചത്. തർക്കം പരിഹരിച്ചുവെന്നും ചര്‍ച്ചയിലൂടെ പ്രശ്നം പരിഹരിച്ചെന്നും ഹൈക്കമാന്‍ഡ് അവകാശപ്പെടുമ്പോഴാണ് താഴെത്തട്ടില്‍ പ്രവര്‍ത്തകര്‍ മുരളീധരനെ അനുകൂലിച്ച് രംഗത്തെത്തിയത്.