പ്രതിപക്ഷ നേതാക്കളെ ദ്രോഹിക്കാൻ ബിജെപി കേന്ദ്ര ഏജൻസികളെ ഉപയോഗിക്കുന്നു: അഖിലേഷ് യാദവ്
Friday, March 17, 2023 2:57 PM IST
കോൽക്കത്ത: പ്രതിപക്ഷ പാർട്ടികളുടെ നേതാക്കളെയും ജനപ്രതിനിധികളെയും ദ്രോഹിക്കാൻ കേന്ദ്രസർക്കാർ കേന്ദ്ര ഏജൻസികളെ ഉപയോഗിക്കുന്നുവെന്ന് സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്.
സമാജ്വാദി പാർട്ടിയുടെ ദ്വിദിന ദേശീയ എക്സിക്യൂട്ടീവിൽ പങ്കെടുക്കാൻ കോൽക്കത്തയിലെത്തിയ അഖിലേഷ് യാദവ് ഇന്ന് വൈകിട്ട് പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ അധ്യക്ഷയുമായ മമത ബാനർജിയുമായി കൂടിക്കാഴ്ച നടത്തും.
ഇഡിയും സിബിഐയും ആദായനികുതിയും ബിജെപിയുടെ രാഷ്ട്രീയ ആയുധങ്ങളാണ്. ബംഗാളിൽ സംഭവങ്ങൾ കുറവാണ്. എന്നാൽ ഉത്തർപ്രദേശിൽ, എംഎൽഎമാർ ഉൾപ്പെടെ എസ്പി നേതാക്കളിൽ പലരും കള്ളവും കെട്ടിച്ചമച്ചതുമായ കേസുകളിൽ ജയിലിലാണെന്നും അദ്ദേഹം പറഞ്ഞു.
ഈ വർഷാവസാനം നടക്കുന്ന രാജസ്ഥാൻ, ഛത്തീസ്ഗഡ്, മധ്യപ്രദേശ് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകൾക്കും 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിനുമുള്ള നയങ്ങളും തന്ത്രങ്ങളും ചർച്ച ചെയ്യുന്നതിനായി സമാജ്വാദി പാർട്ടിയുടെ ദ്വിദിന ദേശീയ എക്സിക്യൂട്ടീവ് മാർച്ച് 18 മുതൽ കോൽക്കത്തയിൽ നടക്കും.