അഞ്ചടിച്ച് ഹാളണ്ട്; ലൈപ്സിംഗിനെ തകർത്ത് സിറ്റി ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിൽ
Wednesday, March 15, 2023 5:47 AM IST
മാഞ്ചസ്റ്റർ: ആർബി ലൈപ്സിംഗിനെ ഗോൾമഴയിൽ മുക്കി മാഞ്ചസ്റ്റർ സിറ്റി ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിൽ കടന്നു. എർലിംഗ് ഹാളണ്ട് അഞ്ച് ഗോളടിച്ച രണ്ടാംപാദ പ്രീക്വാർട്ടർ മത്സരത്തിൽ എതിരില്ലാത്ത ഏഴു ഗോളുകൾക്കാണ് സിറ്റിയുടെ വിജയം. ആദ്യപാദത്തിലും ജയം സിറ്റിക്കൊപ്പമായിരുന്നു (1-0).
ആദ്യപകുതിയിൽ തന്നെ ഹാളണ്ട് ഹാട്രിക് പൂർത്തിയാക്കി. 22-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെയായിരുന്നു ആദ്യ ഗോള്‍. ബോക്സില്‍ കോര്‍ണര്‍ കിക്ക് ക്ലിയര്‍ ചെയ്യുന്നതിനിടെ ബെഞ്ചമിന്‍ ഹെന്റിച്ചിന്റെ കൈയില്‍ പന്ത് തട്ടിയതാണ് പെനാൽറ്റിയിൽ എത്തിച്ചത്. 24-ാം മിനിറ്റില്‍ രണ്ടാം ഗോളും ആദ്യപകുതിയുടെ ഇഞ്ചുറി സമയത്ത് ഹാളണ്ട് ഹാട്രിക്കും പൂര്‍ത്തിയാക്കി.
രണ്ടാംപകുതിയിൽ 49-ാം മിനിറ്റില്‍ ഗുണ്ടോഗന് ലീഡുയര്‍ത്തി. ജാക്ക് ഗ്രീലിഷിന്റെ അസിസ്റ്റിലായിരുന്നു ഗോള്‍. നാല് മിനിറ്റുകള്‍ക്ക് ശേഷം ഹാളണ്ടിന്റെ നാലാം ഗോള്‍. 57-ാം മിനിറ്റില്‍ ഹാളണ്ട് അഞ്ച് ഗോള്‍ പൂര്‍ത്തിയാക്കി. ഇഞ്ചുറി ടൈമില്‍ ഡ്രി ബ്രൂയ്നും ഗോള്‍ നേടിയതോടെ സിറ്റിക്ക് സമ്പൂര്‍ണ ജയം.
ഇന്ററും മുന്നോട്ട്
മറ്റൊരു മത്സരത്തിൽ പോര്‍ട്ടോയെ ഗോൾരഹിത സമനിലയിൽ തളച്ച് ഇന്റര്‍ മിലാന് ക്വാർട്ടറിൽ പ്രവേശിപ്പിച്ചു. പ്രീക്വാർട്ടർ ആദ്യപാദത്തിലെ 1-0ന്റെ ജയമാണ് ഇന്ററിനെ തുണച്ചത്.