ആശുപത്രി ഓഡിറ്റോറിയം നീറ്റ് വിരുദ്ധപോരാളിക്കു സമർപ്പിച്ച് തമിഴ്നാട്
Wednesday, March 15, 2023 4:01 AM IST
അരിയാലൂർ: പുതുതായി നിർമിച്ച ആശുപത്രി ഓഡിറ്റോറിയത്തിനു "നീറ്റ്' പരീക്ഷയ്ക്കെതിരേ നിയമപോരാട്ടം നടത്തി ശ്രദ്ധേയയായശേഷം ജീവനൊടുക്കിയ പെൺകുട്ടിയുടെ പേര് നൽകി തമിഴ്നാട്. അരിയാലൂരിലെ സർക്കാർ മെഡിക്കൽ കോളജിനായി നിർമിച്ച ഓഡിറ്റോറിയത്തിനാണ് നീറ്റിനെതിരേ സുപ്രീംകോടതിവരെ നിയമപോരാട്ടം നടത്തിയ എസ്. അനിതയുടെ പേരു നൽകിയത്.
മെഡിക്കൽ പഠനത്തിനു വിദ്യാർഥികളെ തെരഞ്ഞെടുക്കുന്നതിൽ നീറ്റ് പരീക്ഷ അനുചിതമാണ് എന്നതിന്റെ നേർസാക്ഷ്യമാണ് അനിതയുടെ ജീവിതമെന്നു ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്ത യുവജനക്ഷേമന്ത്രി ഉദയനിധി സ്റ്റാലിൻ പറഞ്ഞു.
ദളിത് വിഭാഗത്തിൽ നിന്നുള്ള അനിത തമിഴ്നാട് പന്ത്രണ്ടാംക്ലാസ് പരീക്ഷയിൽ 1200 ൽ 1176 മാർക്ക് നേടിയിരുന്നു. നീറ്റ് എന്ന കടന്പ മറികടക്കാൻ കഴിയാത്തതിനെത്തുടർന്ന് 2017 സെപ്റ്റംബർ ഒന്നിന് അവർ ജീവനൊടുക്കുകയായിരുന്നു. ഇതേത്തുടർന്ന് നീറ്റ് പരീക്ഷയ്ക്കെതിരേ സംസ്ഥാനത്ത് വലിയ പ്രക്ഷോഭം നടന്നിരുന്നു.