വിദ്വേഷപ്രസംഗം: തെലുങ്കാന എംഎൽഎക്കെതിരേ കേസ്
Wednesday, March 15, 2023 3:33 AM IST
പൂനെ: മുസ്ലിംങ്ങൾക്കെതിരേയുള്ള വിദ്വേഷപ്രസംഗത്തിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചതിനെത്തുടർന്ന് തെലുങ്കാനയിലെ വിവാദ എംഎൽഎ ടി. രാജാ സിംഗിനെതിരേ പോലീസ് കേസെടുത്തു. മഹാരാഷ്ട്രയിലെ അഹമ്മദ്നഗറിൽ അടുത്തിടെ നടന്ന പൊതുയോഗത്തിലെ പരാമർശങ്ങളാണ് കേസിനാധാരമെന്ന് ലാത്തൂർ പോലീസ് അറിയിച്ചു.
ഹിന്ദുക്കൾക്കെതിരേ സംസാരിക്കുന്നവരെ വെറുതെവിടില്ലെന്ന ഭീഷണിയോടെയാണ് രാജാസിംഗിന്റെ വിവാദപ്രസംഗം തുടങ്ങുന്നത്. നിങ്ങൾ അഞ്ചുനേരം ദിവസവും ചെയ്യുന്നകാര്യത്തിന് ഉച്ചഭാഷണിപോലും ഞങ്ങളുടെ ഹിന്ദുരാജ്യത്തുനിന്നും കിട്ടില്ലെന്ന് മുസ്ലിം വിശ്വാസികളെ ലക്ഷ്യമിട്ട് രാജാ സിംഗ് പറയുന്നു.
2026 ൽ ഇന്ത്യ അഖണ്ഡ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കുമെന്നും ഇയാൾ പറയുന്നതായി വീഡിയോയിൽ വ്യക്തമാണ്. ലോകത്ത് അന്പതിലേറെ മുസ്ലിം രാജ്യങ്ങളും നൂറ്റന്പതോളം ക്രൈസ്തവ രാജ്യങ്ങളമുണ്ട്. അതിനാൽ എന്തുകൊണ്ട് ഇന്ത്യയെ ഒരു ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കാനാവില്ല എന്നും രാജാ സിംഗ് ചോദിക്കുന്നു.
ഹൈദരാബാദിലെ ഘോഷ്മഹലിൽനിന്ന് നിയമസഭയിലെത്തിയ രാജാ സിംഗ് നേരത്തയും വിവാദപരാമർശങ്ങളിലൂടെ കുപ്രസിദ്ധിനേടിയിട്ടുണ്ട്. പ്രവാചകനിന്ദയുടെ പേരിൽ 2022 ൽ അറസ്റ്റിലായതിനെത്തുടർന്ന് ബിജെപിയിൽ നിന്ന് സിംഗിനെ സസ്പൻഡ് ചെയ്തിരുന്നു.