ഉത്തരേന്ത്യൻ വിരുദ്ധ പരാമർശം; സീമാനെതിരെ കേസ്
Sunday, March 12, 2023 7:54 PM IST
ചെന്നൈ: ഉത്തരേന്ത്യക്കാർക്കെതിരെ അധിക്ഷേപം ചൊരിയുകയും തമിഴ്നാട്ടിലെ ഉത്തരേന്ത്യൻ തൊഴിലാളികളെ ഭീഷണിപ്പെടുത്തുകയും ചെയ്ത നാം തമിഴർ കക്ഷി(എൻടികെ) നേതാവ് സീമാനെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
വിവിധ വിഭാഗങ്ങൾ തമ്മിലുള്ള സ്പർധ വർധിപ്പിക്കുന്ന തരത്തിലുള്ള പ്രസ്താവനകൾ സീമാൻ നടത്തിയെന്നും ദളിത് വിഭാഗമായ അരുന്ധതിയാർ സമുദായത്തിനെതിരെ അധിക്ഷേപം ചൊരിഞ്ഞെന്നും എഫ്ഐആറിൽ വ്യക്തമാക്കിയിട്ടുണ്ട്.
സീമാന്റെ പ്രസ്താവനകൾ മൂലം സംസ്ഥാനത്ത് ക്രമസമാധാന പ്രശ്നം ഉണ്ടായെന്നാണ് പോലീസ് പറയുന്നത്. ബിഹാറിൽ നിന്നുള്ള തൊഴിലാളികളെ തമിഴ്നാട്ടിൽ തെരഞ്ഞുപിടിച്ച് ആക്രമിക്കുകയാണെന്ന് ഉത്തരേന്ത്യൻ മാധ്യമങ്ങളിൽ വ്യാജവാർത്ത വരുന്നതിന് വരെ സീമാന്റെ പ്രസ്താവനകൾ വഴിവച്ചു.
സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ച വ്യാജവാർത്തയുടെ അടിസ്ഥാനത്തിൽ നിരവധി തൊഴിലാളികൾ സംസ്ഥാനത്ത് നിന്ന് പാലായനം ചെയ്യാൻ ഒരുങ്ങി. ഇതോടെയാണ് അധികൃതർ സീമാനെതിരെ നടപടി എടുത്തത്.
എന്നാൽ താൻ കുറ്റമൊന്നും ചെയ്തിട്ടില്ലെന്നാണ് സീമാന്റെ നിലപാട്. കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന ഉത്തരേന്ത്യക്കാരെ "ഇരുമ്പ് കൈ'ഉപയോഗിച്ച് നേരിടണമെന്നാണ് പറഞ്ഞതെന്നും കുടിയേറ്റ തൊഴിലാളികൾ തമിഴരുടെ ജോലി കവരുന്നതിനെതിരെ പ്രതികരിച്ചതാണെന്നും സീമാൻ കൂട്ടിച്ചേർത്തു.