ഗിൽ കരുത്തിൽ ഇന്ത്യ; അഹമ്മദാബാദിൽ ഇഞ്ചോടിഞ്ച് പോരാട്ടം
Saturday, March 11, 2023 6:04 PM IST
അഹമ്മദാബാദ്: ശുഭ്മാൻ ഗിൽ തന്റെ സ്വപ്നഫോം ടെസ്റ്റിലും തുടർന്നപ്പോൾ ഓസ്ട്രേലിയയ്ക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ മികച്ച നിലയില്‍. ശുഭ്മാന്‍ ഗിൽ(128), വിരാട് കോഹ്ലി(59*) എന്നിവരുടെ മികവിൽ മൂന്നാം ദിനം കളി നിർത്തുന്പോൾ 289ന് മൂന്ന് എന്ന നിലയിലാണ് ഇന്ത്യ.
16 റണ്‍സുമായി രവീന്ദ്ര ജഡേജയാണ് കോഹ്ലിക്കൊപ്പം ക്രീസില്‍. ഓസീസിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറിനേക്കാൾ 191 റൺസ് പിന്നിലാണ് ഇന്ത്യ.
സ്കോർ: ഓസ്ട്രേലിയ- 480, ഇന്ത്യ- 289/3
വിക്കറ്റ് നഷ്ടപ്പെടാതെ 36 റണ്‍സ് എന്ന നിലയിൽ ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് മികച്ച തുടക്കമാണ് മൂന്നാം ദിനം ലഭിച്ചത്. നായകൻ രോഹിത് ശര്‍മയും ഗില്ലും അനായാസം ബാറ്റ് വീശിയതോടെ ഇന്ത്യൻ സ്കോർ ഉയർന്നു. ടീം സ്കോർ 74-ൽ എത്തിയപ്പോൾ നായകൻ വീണെങ്കിലും പിന്നാലെ എത്തിയ ചേതേശ്വര്‍ പൂജാര ഉറച്ചുനിന്നതോടെ ഓസീസ് ബൗളർമാർ വിയർത്തു. രണ്ടാം വിക്കറ്റില്‍ ഗില്ലിനൊപ്പം 113 റണ്‍സിന്റെ കൂട്ടുകെട്ട് ഉയര്‍ത്തിയശേഷമാണ് പൂജാര മടങ്ങിയത്.
അവസാന സെഷനില്‍ ഗിൽ വീണെങ്കിലും കോഹ്ലിയും ജഡേജയും ചേർന്ന് കുടൂതൽ വിക്കറ്റ് നഷ്ടമാവാതെ മൂന്നാം ദിനം അവസാനിപ്പിച്ചു. ഓസീസിനായി നഥാൻ ലിയോണ്‍, ടോഡ് മർഫി, ഖുനെമാൻ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.