വേനൽക്കാലത്ത് പവർകട്ടുകൾ ഒഴിവാക്കണം: നിർദേശവുമായി കേന്ദ്രം
Friday, March 10, 2023 2:02 AM IST
ന്യൂഡൽഹി: വേനൽക്കാലത്ത് പവർകട്ടുകൾ ഒഴിവാക്കണമെന്ന് വൈദ്യുതോത്പാദന കന്പനികൾക്ക് നിർദേശം നൽകി കേന്ദ്രസർക്കാർ. വേനൽക്കാലത്ത് വർധിച്ചുവരുന്ന വൈദ്യുതി ഉപഭോഗം സാധ്യമാക്കുന്നതിന് ആവശ്യമായ നടപടികൾ കന്പനികൾ കൈക്കൊള്ളണമെന്നും കേന്ദ്ര ഊർജ മന്ത്രി ആർ.കെ. സിംഗ് നിർദേശിച്ചു.
വേനൽമാസങ്ങളിലെ ഉയർന്ന വൈദ്യുതി ഉപഭോഗം നിറവേറ്റുന്നതിന് വൈദ്യുതി, കൽക്കരി, റെയിൽവേ മന്ത്രാലയങ്ങളിലെ മുതിർന്ന ഉദ്യോഗസ്ഥരുമായി നടത്തിയ അവലോകനയോഗത്തിലാണ് മന്ത്രി വൈദ്യുത കന്പനികൾക്ക് നിർദേശം നൽകിയത്. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കാനും വരുംമാസങ്ങളിലെ ഉയർന്ന വൈദ്യുതി ഉപഭോഗം നിറവേറ്റുന്നതിന് സജീവമായ നടപടികൾ കൈക്കൊള്ളാനും മന്ത്രി ആവശ്യപ്പെട്ടു.
വിവിധ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും വൈദ്യുതി ഉത്പാദനത്തിന് ആവശ്യമായ കൽക്കരി അനുവദിക്കുന്നതിന് കേന്ദ്ര വൈദ്യുതി അഥോറിറ്റി സുതാര്യവും നീതിയുക്തമായ സംവിധാനം ഉറപ്പാക്കണമെന്നും മന്ത്രി നിർദേശിച്ചു.