ഗയ ഷെൽ അപകടം: കുറ്റക്കാരല്ലെന്ന് സൈന്യം
Thursday, March 9, 2023 9:16 PM IST
പാറ്റ്ന: ബിഹാറിലെ സൈനിക പരിശീലന കേന്ദ്രത്തിനടുത്ത് മോർട്ടാർ ഷെൽ പൊട്ടിത്തെറിച്ച് മൂന്ന് പേർ മരിച്ച സംഭവത്തിൽ തങ്ങൾ കുറ്റക്കാരല്ലെന്ന് വ്യക്തമാക്കി സൈന്യം. അപകടം നടന്ന മാർച്ച് എട്ടിന് ദുയേരി ദുമ്രി ഫയറിംഗ് റേഞ്ചിൽ ഷെല്ലുകൾ തൊടുത്തിട്ടില്ലെന്ന് സൈന്യം അറിയിച്ചു.
ഗയ ജില്ലയിലെ ബാരാച്ചടി മേഖലയിൽ നടന്ന അപകടത്തിൽ ഗുലാർവേദ് ഗ്രാമത്തിലെ മൂന്ന് പേർ മരിച്ചിരുന്നു. മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു.
സൈനിക കേന്ദ്രത്തിലെ ഫയറിംഗ് റേഞ്ചിൽ തൊടുത്ത ഷെൽ നിയന്ത്രണം നഷ്ടമായി പുറത്തേക്ക് തെറിച്ചുവീണെന്നാണ് ഗ്രാമീണർ അറിയിച്ചത്. എന്നാൽ ഇത് വാസ്തവവിരുദ്ധമാണെന്ന് സൈന്യം അറിയിച്ചു.
മോർട്ടാർ ഷെൽ പ്രയോഗം നടത്തണമെങ്കിൽ പ്രാദേശിക ഭരണകൂടത്തിന്റെ നിരാക്ഷേപ പത്രം ലഭിക്കേണ്ടതുണ്ട്. ബുധനാഴ്ച ഇത്തരമൊരു അപേക്ഷ പ്രാദേശിക ഭരണകൂടത്തിന് നൽകിയിരുന്നില്ലെന്നും ഇതിനാൽ ഷെൽ പരിശീലനം നടന്നില്ലെന്ന് വ്യക്തമാണെന്നും സൈന്യം അറിയിച്ചു.
ഫയറിംഗ് ഫീൽഡിന്റെ ഇംപാക്ട് മേഖലയിൽ നിന്ന് ഗ്രാമീണർ ആക്രിവസ്തുക്കൾ ശേഖരിക്കുന്നതിനിടെ അപകടം സംഭവിച്ചതാകാം. നേരത്തെ മണ്ണിൽ പുതഞ്ഞിരുന്ന ഷെല്ലിന്റെ ഭാഗങ്ങൾ ഗ്രാമീണർ ശേഖരിക്കാൻ ശ്രമിക്കവേ പൊട്ടിത്തെറിച്ചതാണെന്നും സൈന്യം വ്യക്തമാക്കി.
ഇംപാക്ട് ഫീൽഡിൽ അതിക്രമിച്ച് കയറുന്നതിനെതിരെ നേരത്തെയും മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും ലോഹവസ്തുക്കൾ ശേഖരിക്കാനായി ജനങ്ങൾ ഈ മേഖലയിൽ എത്തുന്നത് അവസാനിപ്പിക്കണമെന്നും അധികൃതർ കൂട്ടിച്ചേർത്തു.
അപകടത്തിൽ അനുശോചനം രേഖപ്പെടുത്തുന്നതായും അന്വേഷണത്തിന് പൂർണമായ സഹകരണം നൽകുമെന്നും സൈന്യം അറിയിച്ചു.