ബിഹാറിൽ സൈനിക ഷെൽ തെറിച്ചുവീണ് മൂന്ന് പേർ മരിച്ചു
Wednesday, March 8, 2023 5:43 PM IST
പാറ്റ്ന: ബിഹാറിലെ സൈനിക പരിശീലന കേന്ദ്രത്തിൽ നിന്നുള്ള മോർട്ടാർ ഷെൽ തെറിച്ചുവീണ് ഒരു സ്ത്രീയടക്കം മൂന്ന് പേർ മരിച്ചു. മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു.
ഗയ ജില്ലയിലെ ബാരാച്ചടി മേഖലയിലാണ് അപകടം സംഭവിച്ചത്. സൈനിക കേന്ദ്രത്തിലെ ഫയറിംഗ് റേഞ്ചിൽ തൊടുത്ത ഷെൽ നിയന്ത്രണം നഷ്ടമായി പുറത്തേക്ക് തെറിച്ചുവീഴുകയായിരുന്നു. ഗുലാർവേദ് ഗ്രാമത്തിന്റെ പരിസരത്താണ് ഷെൽ പൊട്ടിത്തെറിച്ചത്.
പരിക്കേറ്റ ആറ് പേരെയും അനുഗ്രഹ നാരായണൻ മഗധ് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചെങ്കിലും മൂന്ന് പേർ മരണത്തിന് കീഴടങ്ങുകയായിരുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു.