പ്രൈം വോളി: അഹമ്മദാബാദ് ചാമ്പ്യന്മാർ
Sunday, March 5, 2023 10:17 PM IST
കൊച്ചി: പ്രൈം വോളി ലീഗിന്റെ രണ്ടാം സീസണിൽ ചാമ്പ്യന്മാരായി അഹമ്മദാബാദ് ഡിഫൻഡേഴ്സ്. കഴിഞ്ഞ വർഷത്തെ ഫൈനലിൽ കോൽക്കത്ത തണ്ടർബോൾട്ട്സിനോടേറ്റ പരാജയത്തിന് പകരം വീട്ടിയ ഡിഫൻഡേഴ്സ്, അവസാന സെറ്റ് വരെ നീണ്ട് നിന്ന് പോരാട്ടത്തിൽ ബംഗളൂരു ടോർപിഡോസിനെ വീഴ്ത്തിയാണ് കിരീടം സ്വന്തമാക്കിയത്.
സ്കോർ: 15-7, 15-10, 18-20, 13-15, 15-10
മത്സരത്തിന്റെ ആദ്യ പോയിന്റ് ബംഗളൂരു ടോർപിഡോസ് സ്വന്തമാക്കിയെങ്കിലും ഡാനിയേൽ മോയാറ്റെസ്ഡിയും അംഗമുത്തു രംഗസ്വാമിയും നിറഞ്ഞ് കളിച്ചതോടെ രണ്ട് സെറ്റുകൾ ഡിഫൻഡേഴ്സ് നിസാരമായി സ്വന്തമാക്കി.
മൂന്നാം സെറ്റിൽത്തന്നെ മത്സരം അവസാനിക്കുമെന്ന് തോന്നിപ്പിച്ചെങ്കിലും ടോർപിഡോസിന്റെ പോരാട്ടവീര്യം മത്സരത്തെ ആവേശകരമാക്കി. 14 -14 എന്ന നിലയിൽ സ്കോറെത്തിയതോടെ 15 പോയിന്റിൽ അവസാനിക്കേണ്ട സെറ്റ് ക്യാരി ഫോർവേഡ് ചെയ്തു. ആവേശപ്പോര് മുറുകിയതോടെ 20-ാം പോയിന്റിലാണ് ടോർപിഡോസ് സെറ്റ് സ്വന്തമാക്കിയത്.
നാലാം സെറ്റും സ്വന്തമാക്കിയ ടോർപിഡോസ് മൊമന്റം നഷ്ടമായ ഡിഫൻഡേഴ്സിനെ വീഴ്ത്തുമെന്ന് തോന്നിപ്പിച്ചെങ്കിലും മറിച്ചാണ് സംഭവിച്ചത്. 9-7 എന്ന നിലയിൽ നിന്നിരുന്ന സെറ്റ് അതിവേഗം 13-7 എന്ന നിലയിലേക്ക് ഡിഫന്‍ഡേഴ്സ് എത്തിച്ചതോടെ ടോർപിഡോസ് സമ്മർദത്തിലായി.
പരസ്പരം സൂപ്പർ സെർവുകൾ പ്രയോഗിച്ച് ടീമുകൾ ഒറ്റയടിക്ക് രണ്ട് പോയിന്റുകൾ നേടിയതോടെ മത്സരം ആവേശകരമായെങ്കിലും ഡിഫൻഡേഴ്സ് പതറിയില്ല. സെറ്റും ഗെയിമും ചാമ്പ്യൻഷിപ്പും സ്വന്തമാക്കി അഹമ്മദാബാദ് ഇന്ത്യൻ വോളിബോളിലെ പുതിയ രാജാക്കന്മാരായി പട്ടാഭിഷേകം നടത്തി.