നെ​ടു​മ്പാ​ശേ​രി: കൊ​ച്ചി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ വേ​ന​ൽ​ക്കാ​ല സ​ർ​വീ​സ് സ​മ​യ​വി​വ​രം പ്ര​ഖ്യാ​പി​ച്ചു. പു​തി​യ പ​ട്ടി​ക​യി​ൽ 1,484 പ്ര​തി​വാ​ര വി​മാ​ന സ​ർ​വീ​സു​ക​ളു​ണ്ട്. നി​ല​വി​ലു​ള്ള ശീ​ത​കാ​ല സ​ർ​വീ​സു​ക​ളു​ടെ എ​ണ്ണം 1,202 ആ​ണ്. ഈ ​മാ​സം 26 മു​ത​ൽ ഒ​ക്‌​ടോ​ബ​ർ 28 വ​രെ​യാ​ണു കാ​ലാ​വ​ധി.

കൊ​ച്ചി​യി​ൽ ​നി​ന്ന് 23 എ​യ​ർ​ലൈ​ൻ​സു​ക​ളാ​ണ് രാ​ജ്യാ​ന്ത​ര സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്. ആ​ഭ്യ​ന്ത​ര സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത് എ​ട്ട് എ​യ​ർ​ലൈ​ൻ​സു​ക​ളും. പ്ര​തി​വാ​ര രാ​ജ്യാ​ന്ത​ര സ​ർ​വീ​സു​ക​ളു​ടെ എ​ണ്ണം 332 ആ​ണ്. 410 ആ​ഭ്യ​ന്ത​ര സ​ർ​വീ​സു​ക​ളു​മു​ണ്ട്. രാ​ജ്യാ​ന്ത​ര​ത​ല​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ സ​ർ​വീ​സു​ള്ള​ത് അ​ബു​ദാ​ബി​യി​ലേ​യ്ക്കാ​ണ് (51 എ​ണ്ണം). ര​ണ്ടാം സ്ഥാ​ന​മു​ള്ള ദു​ബാ​യി​ലേ​ക്ക് 45 സ​ർ​വീ​സു​ണ്ട്.

സി​യാ​ൽ യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം കോ​വി​ഡ് പൂ​ർ​വ കാ​ല​ഘ​ട്ട​ത്തി​ന്‍റെ 96 ശ​ത​മാ​ന​ത്തോ​ള​മാ​യി​ട്ടു​ണ്ടെ​ന്ന് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ എ​സ്. സു​ഹാ​സ് പ​റ​ഞ്ഞു.