വനിതാ സംവരണം; ജന്തർ മന്തറിൽ പ്രതിഷേധം സംഘടിപ്പിക്കാൻ ബിആർഎസ്
Thursday, March 2, 2023 7:53 PM IST
ഹൈദരാബാദ്: പാർലമെന്റിൽ വനിതാ സംവരണം ഏർപ്പെടുത്തണമെന്ന ആവശ്യപ്പെട്ട് ഡൽഹിയിൽ പ്രതിഷേധം സംഘടിപ്പിക്കാൻ ഭാരത് രാഷ്ട്ര സമിതി(ബിആർഎസ്). തെലുങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവുവിന്റെ മകൾ കെ. കവിതയുടെ നേതൃത്വത്തിൽ മാർച്ച് 10-നാണ് പ്രതിഷേധം.
രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിൽ നിന്നുമുള്ള വനിതാ സംഘടനകൾ ജന്തർ മന്തറിൽ നടക്കുന്ന പ്രതിഷേധത്തിൽ പങ്കെടുക്കും. തെലുങ്കാന ജാഗ്രതി എന്ന സ്വന്തം ക്ഷേമസംഘടനയുടെ പേരിലാണ് കവിത പ്രതിഷേധത്തിൽ പങ്കെടുക്കുന്നതെങ്കിലും ദേശീയ രാഷ്ട്രീയത്തിൽ ശ്രദ്ധ പതിപ്പിക്കാനുള്ള കെസിആറിന്റെ നീക്കത്തിന്റെ ഭാഗമാണിത്.
നാരിശക്തി എന്ന് സ്ഥിരമായി പ്രഘോഷിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി സ്ത്രീ മുന്നേറ്റത്തിനായി ഒന്നും ചെയ്യുന്നില്ലെന്ന് ആരോപിച്ചാണ് കവിതയും സംഘവും പരിപാടിയിൽ പങ്കെടുക്കുന്നത്.