കിഫ്ബി; 5681.98 കോടിയുടെ 64 പദ്ധതികൾക്ക് ധനാനുമതി
Monday, February 27, 2023 9:56 PM IST
തിരുവനന്തപുരം: കിഫ്ബി ബോർഡ് യോഗം 5681.98 കോടിയുടെ 64 പദ്ധതികൾക്ക് ധനാനുമതി നല്കി. ഇതോടെ കിഫ്ബി മുഖേനെ 80352. 04 കോടിയുടെ 1057 പദ്ധതികൾക്കാണ് അംഗീകാരം നൽകിയതെന്നു ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ പത്രസമ്മേളനത്തിൽ അറിയിച്ചു.
ജനറൽ ബോർഡ് യോഗത്തിലും എക്സിക്യൂട്ടീവ് യോഗത്തിലുമായി അനുമതി നൽകിയ പദ്ധതികളിൽ പൊതുമരാമത്ത് വകുപ്പിനു കീഴിലുള്ള റോഡ് വികസന പദ്ധതികൾക്കുള്ള സ്ഥലം ഏറ്റെടുപ്പ് ഉൾപ്പെടെ 3414. 16 കോടിയുടെ 36 പദ്ധതികൾക്കും കോസ്റ്റൽ ഷിപ്പിംഗ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ വകുപ്പിനു കീഴിൽ കൊച്ചിയിലെ ചിലവന്നൂർ ബണ്ട് റോഡ് പാലത്തിന് 32 17 കോടിയും എളംകുളം സിവറേജ് പ്ലാന്റിന് 341.97 കോടിയുടെ പദ്ധതിക്കും അംഗീകാരം നൽകി.
ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിൽ ഒൻപത് പദ്ധതികൾക്ക് 600 . 48 കോടിയും ജലവിഭവ വകുപ്പിനു കീഴിലുള്ള 467 .32 കോടിയുടെ പദ്ധതികൾക്കും അംഗീകാരം നൽകി. തദ്ദേശ വകുപ്പിനു കീഴിൽ 42 .04 കോടിയുടെ രണ്ട് പദ്ധതികൾ ഉൾപ്പെടുന്നു.
പത്തനംതിട്ടയിലെ ഇൻഡോർ സ്റ്റേഡിയത്തിന് 47.93 കോടിയുടെയും എട്ട് സ്കൂളുകളുടെ നവീകരണത്തിന് 31.1 1 കോടിയുടേയും പദ്ധതിക്കാണ് അംഗീകാരം. മൃഗസംരക്ഷണ വകുപ്പിനു കീഴിൽ ട്രാൻസ്ലേഷണൽ റിസർച്ച് സെന്ററിനു വേണ്ടി 10. 24 കോടിയുടേയും അനുമതി നല്കി.
ആകെ അനുമതി നല്കിയത് 1050 പദ്ധതികൾ, ടെൻഡർ ചെയ്തത് 559 എണ്ണം
തിരുവനന്തപുരം: വിവിധ വകുപ്പുകളിലായി കിഫ്ബി ഇതുവരെ അനുമതി നല്കിയത് 1050 പദ്ധതികൾക്ക്. ഇതിൽ ടെൻഡർ ചെയ്തത് 559 പദ്ധതികളെന്നു കിഫ്ബി സ്ഥിതിവിവര കണക്കുകൾ വ്യക്തമാക്കുന്നു. 21989.77 കോടി രൂപയ്ക്കാണ് ഈ പദ്ധതികൾ ടെൻഡർ ചെയ്യപ്പെട്ടിട്ടുള്ളത്.
ഇതിൽ തന്നെ 546 പദ്ധതികളുടെ പ്രവൃത്തികൾ ആരംഭിക്കുകയോ അവാർഡ് ചെയ്യപ്പെടുകയോ ചെയ്തു. 20054.74 കോടിയാണ് ആരംഭിച്ച പദ്ധതികളുടെ ആകെ കരാർ തുക. ഇതിനു പുറമേ 22877.17 കോടിയുടെ ഏഴ് ഭൂമി ഏറ്റെടുക്കൽ പദ്ധതികൾക്കും അനുമതി നല്കിയിട്ടുണ്ട്.