ആകാശ് തില്ലങ്കേരി അറസ്റ്റിൽ
Monday, February 27, 2023 9:34 PM IST
കണ്ണൂര്‍: ക്വട്ടേഷൻ, സ്വർണക്കടത്ത് തുടങ്ങിയ കേസുകളിൽ പ്രതിയായ ആകാശ് തില്ലങ്കേരി അറസ്റ്റിൽ. കാപ്പ ചുമത്തിയാണ് ആകാശിനെ മുഴക്കുന്ന് പോലീസ് അറസ്റ്റ് ചെയ്തത്. ആകാശിനെതിരായ നാല് വർഷത്തെ കേസുകൾ പരിശോധിച്ച ശേഷമായിരുന്നു പോലീസ് നടപടി.
പ്രകോപനപരമായ പ്രസംഗം, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ആകാശിനെതിരെ നിലവിലുണ്ട്. ജില്ലാ കളക്ടറുടെ പ്രത്യേക ഉത്തരവ് പ്രകാരമാണ് അറസ്റ്റ്. പോലീസ് മേധാവിയുടെ ശിപാര്‍ശ പ്രകാരമാണ് കളക്ടര്‍ അറസ്റ്റിന് ഉത്തരവിട്ടത്.
ഷുഹൈബ് വധക്കേസില്‍ ഒന്നാം പ്രതിയാണ് ആകാശ്. മറ്റു കേസുകളില്‍ അകപ്പെടരുതെന്ന് ചൂണ്ടിക്കാട്ടിയാണ് ഷുഹൈബ് കേസില്‍ ആകാശിന് ജാമ്യം അനുവദിച്ചിരുന്നത്. ഇതിനിടെയാണ് ഡിവൈഎഫ്ഐ വനിതാ നേതാവിനെ അപമാനിച്ചതുമായി ബന്ധപ്പെട്ട കേസില്‍ ആകാശ് പ്രതിയായത്.
ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചെന്ന് കാട്ടി ആകാശിന്റെ ജാമ്യം റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷന് സമര്‍പ്പിച്ച ഹര്‍ജി ചൊവ്വാഴ്ച കോടതി പരിഗണിക്കാനിരിക്കെയാണ് അറസ്റ്റ്.
അടുത്തിടെ ആകാശ് തില്ലങ്കേരിയും സംഘവും സാമൂഹ്യ മാധ്യമങ്ങളിലൂടെ നടത്തുന്ന പ്രചാരണങ്ങള്‍ക്കെതിരെ സിപിഎം രംഗത്തുവന്നിരുന്നു. ആകാശ് തില്ലങ്കേരിക്ക് സിപിഎമ്മുമായി ബന്ധമില്ലെന്നും പാര്‍ട്ടി പുറത്താക്കിയതാണെന്നും കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി. ജയരാജന് പറഞ്ഞിരുന്നു.
സാമൂഹ്യ മാധ്യമങ്ങളില്‍ ഇരു വിഭാഗങ്ങള്‍ ചേരിതിരിഞ്ഞ് വാക്പ്പോര് നടത്തിയതിന് പിന്നാലെ, സിപിഎം തില്ലങ്കേരിയില്‍ രാഷ്ട്രീയ വിശദീകരണ യോഗം നടത്തിയിരുന്നു.