ലണ്ടൻ ഡെർബിയിൽ സ്പർസ്
Sunday, February 26, 2023 9:17 PM IST
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ലണ്ടൻ ഡെർബിയിൽ ടോട്ടനം ഹോട്ട്സ്പറിന് ജയം. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് സ്പർസ് ചെൽസിയെ വീഴ്ത്തിയത്.
ഇരു ടീമുകളും തമ്മിൽ ലീഗിൽ ഏറ്റുമുട്ടിയ അവസാന എട്ട് പോരാട്ടങ്ങളിലും അപരാജിതരായി തുടർന്ന ചെൽസിയെ, ഒലിവർ സ്കിപ്(46'), ഹാരി കെയ്ൻ(82') എന്നിവരുടെ ഗോളുകളാണ് വീഴ്ത്തിയത്.
എമേർസന്റെ ഷോട്ടിൽ നിന്ന് ലഭിച്ച റീബൗണ്ട് പിടിച്ചെടുത്താണ് സ്കിപ് ആതിഥേയർക്ക് ലീഡ് നൽകിയത്. 82-ാം മിനിറ്റിൽ കൊറിയൻ താരം സോൺ ഹ്യുംഗ് മിൻ തൊടുത്ത കോർണർ കിക്കിൽ നിന്നാണ് സ്പർസ് വിജയഗോൾ നേടിയത്. പെനൽറ്റി ബോക്സിൽ ഡിയർ ഫ്ലിക് ചെയ്ത് നൽകിയ പന്ത് കെയ്ൻ അതിമനോഹരമായി വലയിലെത്തിക്കുകയായിരുന്നു.
സ്പർസ് 45 പോയിന്റുമായി ലീഗിൽ നാലാം സ്ഥാനത്ത് തുടരുന്നു. 31 പോയിന്റുള്ള ചെൽസി പത്താം സ്ഥാനത്താണ്.