സിദ്ധു മൂസെവാല കൊലക്കേസ് പ്രതികൾ ജയിലിൽ കൊല്ലപ്പെട്ടു
Sunday, February 26, 2023 10:27 PM IST
അമൃത്സർ: പഞ്ചാബി ഗായകനും കോൺഗ്രസ് നേതാവുമായിരുന്ന സിദ്ധു മൂസെവാലയുടെ കൊലപാതകക്കേസിൽ പ്രതി ചേർക്കപ്പെട്ട രണ്ട് പേർ ജയിലിനുള്ളിൽ കൊലപ്പെട്ടു. മൻദീപ് സിംഗ്, മൻമോഹൻ സിംഗ് എന്നിവരാണ് കൊല്ലപ്പെട്ടത്. കേശവ് എന്ന തടവുകാരന് പരിക്കേറ്റു.
പഞ്ചാബിലെ തരൺ തരൺ ജില്ലയിലെ ഗോയിന്ദ്വാൽ സാഹിബ് സെൻട്രൽ ജയിലിൽ പാർപ്പിച്ചിരുന്ന തടവുകാരാണ് ഇവർ. ജയിലിനുള്ളിൽ പൊട്ടിപ്പുറപ്പെട്ട സംഘർഷത്തിലാണ് ഇരുവരും കൊല്ലപ്പെട്ടത്.
പരിക്കേറ്റ കേശവും മൂസെവാല കൊലക്കേസിൽ പ്രതി ചേർക്കപ്പെട്ടയാളാണ്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.
2022 മെയ് 29-ന് പഞ്ചാബിലെ മാൻസ ജില്ലയിൽ വച്ചാണ് മൂസെവാല അക്രമിസംഘത്തിന്റെ വെടിയേറ്റ് മരിച്ചത്.