കെപിസിസിക്കെതിരെ എഐസിസിക്ക് പരാതി നൽകി കൊടിക്കുന്നിൽ സുരേഷ്
Saturday, February 25, 2023 9:42 PM IST
തിരുവനന്തപുരം: കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തിന് എതിരെ എഐസിസിയിൽ പരാതി നൽകി കൊടിക്കുന്നിൽ സുരേഷ്. എഐസിസി അംഗങ്ങളെ നാമനിർദേശം ചെയ്യുന്നതിൽ പരാതിയുണ്ടെന്നാണ് സുരേഷ് കേന്ദ്ര നേതൃത്വത്തെ അറിയിച്ചത്.
സംവരണം വഴിയാണ് കൂടുതൽ പേരെ ഉൾപ്പെടുത്തിയതെന്നാണ് പറയുന്നത്. കൂടിയാലോചനകൾ നടത്തി എന്ന വി.ഡി. സതീശന്റെ പ്രതികരണം എന്തുകൊണ്ടെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ആരോപണങ്ങൾ പരിശോധിക്കുമെന്ന് ജനറൽ സെക്രട്ടറി താരിഖ് അൻവർ ഉറപ്പ് നൽകിയെന്നും സുരേഷ് പറഞ്ഞു.
കെപിസിസി അംഗങ്ങളുടെ ജമ്പോ പട്ടിക തയാറാക്കിയത് താൻ അറിഞ്ഞില്ലെന്ന രമേശ് ചെന്നിത്തലയുടെ പ്രതികരണങ്ങൾക്കു പിന്നാലെയാണ് കൊടിക്കുന്നിലിന്റെ പ്രസ്താവന. വർക്കിംഗ് പ്രസിഡന്റായ താൻ, സമൂഹമാധ്യമങ്ങളിലൂടെയാണ് പുതിയ അംഗങ്ങളെക്കുറിച്ച് അറിഞ്ഞതെന്ന് കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു.