ഖലിസ്ഥാനി നേതാവിനെ മോചിപ്പിക്കാൻ പോലീസ് സ്റ്റേഷൻ ആക്രമണം
Thursday, February 23, 2023 7:06 PM IST
ഛണ്ഡിഗഡ്: "വാരിസ് പഞ്ചാബ് ദേ' എന്ന ഖലിസ്ഥാൻ അനുകൂല സംഘടനയുടെ തലവൻ അമൃത്പാൽ സിംഗിന്റെ കൂട്ടാളി ലവ്പ്രീത് തൂഫാനെ കസ്റ്റഡിയിലെടുത്തതറിഞ്ഞ് അക്രമിസംഘം പോലീസ് സ്റ്റേഷനിലേക്ക് ഇരച്ചുകയറി. അമൃത്സറിലെ അജ്നാല പോലീസ് സ്റ്റേഷനിലാണ് സംഘർഷം നടന്നത്.
തോക്കുകളും വാളുകളുമായി എത്തിയ നൂറുകണക്കിന് ആളുകൾ ബാരിക്കേഡ് തകർത്ത് സ്റ്റേഷനിലേക്ക് ഇടിച്ചുകയറി. സംഘർഷത്തിൽ ആറ് പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. തൂഫാൻ നിരപരാധിയാണെന്നും അദ്ദേഹത്തെ മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് സംഘം എത്തിയത്.
പഞ്ചാബി സ്വത്വം ഉയർത്തിപ്പിടിക്കുന്ന തീവ്ര സംഘടനയുടെ പ്രധാന നേതാക്കളിൽ ഒരാളാണ് തൂഫാൻ. കൊലപാതകം, തട്ടിക്കൊണ്ട് പോകൽ, അക്രമം എന്നീ വകുപ്പുകൾ ചുമത്തിയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.