അണ്ണാ ഡിഎംകെ തർക്കം; ഒപിഎസിന് തിരിച്ചടി
Thursday, February 23, 2023 6:35 PM IST
ന്യൂഡൽഹി: അണ്ണാ ഡിഎംകെയുടെ താൽക്കാലിക ജനറൽ സെക്രട്ടറിയായി മുൻ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയെ തെരഞ്ഞെടുത്ത നടപടി റദ്ദാക്കണമെന്ന ഒ. പനീർസെൽവം വിഭാഗത്തിന്റെ ആവശ്യം സൂപ്രീം കോടതി നിരസിച്ചു.
പനീർസെൽവത്തെ പാർട്ടിയിൽ നിന്ന് പുറത്താക്കാനും പളനിസ്വാമിയെ ജനറൽ സെക്രട്ടറിയാക്കാനുമുള്ള തീരുമാനം എടുത്ത പ്രത്യേക ജനറൽ ബോഡി യോഗം അസാധുവായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി നൽകിയത്. 2022 ജൂലൈ 11-ന് നടന്ന യോഗം സാധുതയുള്ളതാണെന്ന് മദ്രാസ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നേരത്തെ വിധിച്ചിരുന്നു.
മദ്രാസ് ഹൈക്കോടതിയുടെ വിധി നിലനിൽക്കുമെന്നും പളനിസ്വാമിക്ക് ജനറൽ സെക്രട്ടറി സ്ഥാനത്ത് തുടരാമെന്നും സൂപ്രീം കോടതി അറിയിച്ചു.
പനീർസെൽവത്തെ ഒതുക്കാനായി പാർട്ടി ഭരണഘടനയിൽ വരുത്തിയ ഭേദഗതികൾ നിലനിൽക്കുമെന്നും കോടതി അറിയിച്ചു. 2,665 ജനറൽ കൗൺസിൽ അംഗങ്ങളിൽ 21,90 പേരുടെ ആവശ്യ പ്രകാരമാണ് യോഗം നടന്നതെന്നും കോടതി ചൂണ്ടിക്കാട്ടി.