2024-ലെ സർക്കാരിനെ കോൺഗ്രസ് നയിക്കുമെന്ന് ഖാർഗെ
Wednesday, February 22, 2023 7:02 PM IST
ന്യൂഡൽഹി: 2024-ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതൃത്വത്തിലുള്ള സഖ്യകക്ഷി സർക്കാർ അധികാരത്തിലേറുമെന്ന് എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ.
ബിജെപിക്ക് അധികാരം കിട്ടില്ലെന്നും മറ്റെല്ലാ പാർട്ടികളും ഒന്നിച്ചാണെന്നും ഖാർഗെ പറഞ്ഞു. 100 മോദിമാരോ അമിത് ഷാമോരോ വന്നാലും കോൺഗ്രസിന് പ്രശ്നമില്ലെന്ന് ഖാർഗെ പ്രസ്താവിച്ചു.
സ്വാതന്ത്ര്യം ലഭിക്കാൻ വേണ്ടി ജീവൻ വെടിഞ്ഞവരുടെ പ്രസ്ഥാനമാണ് കോൺഗ്രസ്. രാജ്യത്തിന്റെ ഐക്യത്തിനായി ഇന്ദിരാ ഗാന്ധിയും രാജീവ് ഗാന്ധിയും ജീവൻ വെടിഞ്ഞു. ബിജെപി കരുതുന്നത് 2014-ലാണ് സ്വാതന്ത്ര്യം ലഭിച്ചതെന്നാണ്. അവർക്ക് 1947 ഓർമ്മയില്ല.
ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി പോരാടി തൂക്കിലേറ്റപ്പെട്ട ഒരു ബിജെപി നേതാവെങ്കിലുമുണ്ടോയെന്നും ആരെങ്കിലും ജയിലിൽ പോയിട്ടുണ്ടോയെന്നും ഖാർഗെ ചോദിച്ചു. മഹാത്മാ ഗാന്ധിയെ ഇല്ലാതാക്കിയത് അവരാണെന്നും അതിന് ശേഷമാണ് ദേശഭക്തിയെക്കുറിച്ച് പ്രസംഗിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2024-ൽ ബിജെപിയെ പരാജയപ്പെടുത്താൻ പ്രാപ്തമായ സഖ്യത്തെ കോൺഗ്രസ് നയിക്കും. സഖ്യകക്ഷി സർക്കാർ യാഥാർഥ്യമാകും. കോൺഗ്രസ് മറ്റുള്ള പാർട്ടികളുമായി ചർച്ച നടത്തിക്കൊണ്ടിരിക്കുകയാണെന്നും ഖാർഗെ വ്യക്തമാക്കി.