മാർക്ക് ലിസ്റ്റ് നൽകിയില്ല; കോളജ് പ്രിൻസിപ്പലിനെ വിദ്യാർഥി പെട്രോളൊഴിച്ചു തീകൊളുത്തി
Wednesday, February 22, 2023 10:54 AM IST
ഇൻഡോർ: മാർക്ക് ലിസ്റ്റ് നൽകാതിരുന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തിൽ കേസിലകപ്പെട്ട കോളജ് വിദ്യാർഥി പ്രിൻസിപ്പലിനെ പെട്രോളൊഴിച്ചു തീകൊളുത്തി. 80 ശതമാനത്തോളം പൊള്ളലേറ്റ പ്രിൻസിപ്പൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.
മധ്യപ്രദേശിലെ ഇൻഡോറിലുള്ള സ്വകാര്യ കോളജ് പ്രിൻസിപ്പലായ വിമുക്ത ശർമയെ (54) ആണ് വിദ്യാർഥി പെട്രോളൊഴിച്ചു തീകൊളുത്തിയത്. അക്രമം നടത്തിയ അശുതോഷ് ശ്രീവാസ്തവയെ (24) പോലീസ് അറസ്റ്റ് ചെയ്തു.
നാലുമാസം മുന്പു നടന്ന പരീക്ഷയുടെ മാർക്ക് ലിസ്റ്റിനെച്ചൊല്ലി കോളജിലെ മറ്റൊരു പ്രഫസറെ ശ്രീവാസ്തവ കത്തിയുപയോഗിച്ച് ആക്രമിച്ചിരുന്നു. ഈ കേസിൽ അറസ്റ്റിലായ ശ്രീവാസ്തവ ജാമ്യത്തിലിറങ്ങി കോളജിലെത്തി പ്രിൻസിപ്പലിനോടു കേസ് പിൻവലിക്കണമെന്നാവശ്യപ്പെടുകയും ഇതു നിരസിച്ചതിനെത്തുടർന്ന് പ്രിൻസിപ്പലിനെ പെട്രോൾ ഒഴിച്ചു തീകൊളുത്തുകയുമായിരുന്നു.
ശ്രീവാസ്തവയ്ക്കും 25 ശതമാനം പൊള്ളലേറ്റിട്ടുണ്ട്. പ്രതി ക്രിമിനൽ സ്വഭാവമുള്ളയാളാണെന്നും ആശുപത്രിയിൽനിന്നു ഡിസ്ചാർജ് ചെയ്താലുടൻ തുടർനടപടികൾ സ്വീകരിക്കുമെന്നും പോലീസ് പറഞ്ഞു.