"റുഷ്ദി ജീവച്ഛവം; അക്രമിക്ക് പാരിതോഷികം നൽകും'
Tuesday, February 21, 2023 6:04 PM IST
ടെഹ്റാൻ: വിഖ്യാത സാഹിത്യകാരൻ സൽമാൻ റുഷ്ദിയെ ആക്രമിച്ച വ്യക്തിക്ക് പാരിതോഷികം പ്രഖ്യാപിച്ച് ഇറാൻ സംഘടന.
ഇറാനിലെ "ഫൗണ്ടേഷൻ ടു ഇംപ്ലിമെന്റ് ഇമാം ഖൊമനേയീസ് ഫത്വാസ്' എന്ന സംഘമാണ് റുഷ്ദിയെ ആക്രമിച്ച ഹാദി മാത്തറിന് പാരിതോഷികം നൽകിയത്.
ആക്രമണത്തിൽ ഒരു കണ്ണും ഒരു കൈയും നഷ്ടമായ റുഷ്ദി ഇപ്പോൾ ജീവച്ഛവമാണെന്നും റുഷ്ദിയെ ആക്രമിച്ച വ്യക്തിക്ക് 1,000 ചതുരശ്ര മീറ്റർ കൃഷിയിടം പാരിതോഷികമായി നൽകുമെന്നും സംഘടന അറിയിച്ചു.
"സാത്താനിക വചനങ്ങൾ' എന്ന പുസ്തകത്തിലെ ചില ഭാഗങ്ങൾ പ്രവാചകൻ മുഹമ്മദ് നബിയെ അപമാനിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി 1989-ൽ ഇറാന്റെ പരമോന്നത നേതാവായിരുന്ന അയത്തൊള്ള ഖൊമനേയി റുഷ്ദിക്കെതിരെ ഫത്വ പുറപ്പെടുവിച്ചിരുന്നു. ഈ ഫത്വ നടപ്പാക്കിയതിനാണ് മാത്തറിന് ഇറാനിലെ തീവ്ര സംഘടന പാരിതോഷികം പ്രഖ്യാപിച്ചത്.
ന്യൂയോർക്കിലെ ലേക്ക് ഏരി മേഖലയിൽ വച്ച് 2022 ഓഗസ്റ്റിലാണ് റുഷ്ദിക്ക് നേരെ ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ റുഷ്ദി ഏറെനാളത്തെ ചികിത്സയ്ക്ക് ശേഷമാണ് ആരോഗ്യവാനായി തിരിച്ചെത്തിയത്.
അപകടത്തിന് ശേഷം 2023 ജനുവരിയിൽ "വിക്ടറി സിറ്റി' എന്ന പുതിയ പുസ്തകം പ്രസിദ്ധീകരിച്ചിരുന്നു. വിജയനഗര സാമ്യാജത്തെ ആധാരമാക്കി രചിച്ച ഫാന്റസി രചന സാഹിത്യലോകം ആവേശത്തോടെയാണ് സ്വീകരിച്ചത്.