കോൺഗ്രസ് പ്രവർത്തക സമിതി: സോണിയയ്ക്കും രാഹുലിനും മൻമോഹൻ സിംഗിനും സ്ഥിരാംഗത്വം
Monday, February 20, 2023 3:51 PM IST
ന്യൂഡൽഹി: കോൺഗ്രസ് പ്രവർത്തക സമിതിയില്‍ എഐസിസി മുൻ അധ്യക്ഷരായ സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും, മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിനും സ്ഥിരാംഗത്വം നൽകും. ഉന്നത പദവികൾ വഹിച്ച വ്യക്തികൾ എന്ന നിലയിലാണ് ഇവർക്ക് സ്ഥിരാംഗത്വം നൽകുന്നത്.
പാർട്ടി ഭരണഘടനാ സമിതിയുടെ അനുമതിയോടെ സ്റ്റിയറിംഗ് കമ്മിറ്റിയാണ് ഇത് സംബന്ധിച്ച അന്തിമ അനുമതി നൽകുന്നത്. ഇവർക്ക് സ്ഥിരാംഗത്വം നൽകുന്നതിൽ പാർട്ടിയിൽ ഏകാഭിപ്രായമാണ്.
അതേസമയം, പ്രിയങ്ക ഗാന്ധിയെ പ്രവർത്തക സമിതിയിലേയ്ക്ക് നേരിട്ട് നാമനിർദേശം ചെയ്യില്ല. തെരഞ്ഞെടുപ്പ് നടന്നാൽ പ്രവര്‍ത്തക സമിതിയിലേയ്ക്ക് മത്സരിക്കുമെന്ന് പ്രിയങ്ക കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. പ്ലീനറി സമ്മേളനത്തിലാണ് തെരഞ്ഞെടുപ്പ് നടക്കുമോ എന്നത് സംബന്ധിച്ച തീരുമാനം ഉണ്ടാവുക.