ശിവസേന സ്വന്തമാക്കാൻ ഷിൻഡെ 2,000 കോടി രൂപ മുടക്കിയെന്ന് ഉദ്ധവ് വിഭാഗം
Sunday, February 19, 2023 6:46 PM IST
മുംബൈ: ശിവസേന എന്ന പേരും "അമ്പും വില്ലും' തെരഞ്ഞെടുപ്പ് ചിഹ്നവും സ്വന്തമാക്കാൻ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയും സംഘവും 2,000 കോടി രൂപ മുടക്കിയെന്ന് ഉദ്ധവ് താക്കറെ വിഭാഗം.
പാർട്ടി പേരും ചിഹ്നവും സ്വന്തമാക്കാൻ കഴിഞ്ഞ ആറ് മാസത്തിനിടെ 2,000 കോടി രൂപ തവണകളായി കൈമാറ്റം ചെയ്തെന്നും ഷിൻഡെ ഗ്രൂപ്പ് പാർട്ടി പേര് സ്വന്തമാക്കിയത് കച്ചവടതന്ത്രങ്ങളിലൂടെയാണെന്നും താക്കറെ വിഭാഗം നേതാവ് സഞ്ജയ് റാവത്ത് എംപി ആരോപിച്ചു.
എംഎൽമാരുടെ പിന്തുണ സ്വന്തമാക്കാൻ 50 ലക്ഷം രൂപയും എംപിമാർക്ക് ഒരു കോടി രൂപയും പാർട്ടി ശാഖകൾ കൈയടക്കാൻ അഞ്ച് കോടി രൂപയും ചെലവഴിക്കുന്ന സാഹചര്യത്തിൽ പേരും ചിഹ്നവും സ്വന്തമാക്കാൻ വലിയ തുക തീർച്ചയായും കൈമാറ്റം ചെയ്തിട്ടുണ്ടാകും. ബാലാസാഹെബ് താക്കറെയുടെ സ്വന്തമായിരുന്ന, ഉദ്ധവ് താക്കറെ വിഭാഗത്തിന് അവകാശമുള്ള പാർട്ടിയെ ഷിൻഡെ ഗ്രൂപ്പ് പണം നൽകി വാങ്ങിയതാണെന്നും റാവത്ത് പ്രസ്താവിച്ചു.
എന്നാൽ ആരോപണങ്ങൾ ഷിൻഡെ വിഭാഗം നിഷേധിച്ചു. ഇക്കാര്യങ്ങൾ പറയാൻ റാവത്ത് കാഷ്യറാണോയെന്ന് ചോദിച്ച് ഷിൻഡെ വിഭാഗം പരിഹസിച്ചു.
വെള്ളിയാഴ്ചയാണ് ഷിൻഡെ വിഭാഗത്തിന് പാർട്ടി പേരും ചിഹ്നവും അനുവദിക്കാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവ് നൽകിയത്.
പാർട്ടിയുടെ ആകെയുള്ള 55 എംഎൽഎമാരിൽ 40 പേരും ഷിൻഡെ പക്ഷത്തിനൊപ്പമാണെന്നും ഉദ്ധവ് പക്ഷത്തിന് 15 എംഎൽഎമാരുടെ പിന്തുണ മാത്രമാണ് ഉള്ളതെന്നും കമ്മീഷൻ കണ്ടെത്തി.
സമാനമായ രീതിയിൽ പാർട്ടിയുടെ ആകെയുള്ള 18 എംപിമാരിൽ 15 പേരുടെ പിന്തുണ ഷിൻഡെയ്ക്ക് ആണെന്നും ഇവർ 2019-ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ നേടിയ വോട്ടുകൾ ഉദ്ധവ് വിഭാഗത്തിലെ അഞ്ച് എംപിമാർ നേടിയ വോട്ടിനെക്കാൾ 37 ശതമാനം കൂടുതലാണെന്നും കണ്ടെത്തി.