മാഞ്ചസ്റ്റർ യുണൈറ്റഡിനെ സ്വന്തമാക്കാൻ ഖത്തർ ഗ്രൂപ്പും രംഗത്ത്; അപേക്ഷ സമർപ്പിച്ചു
Sunday, February 19, 2023 3:32 AM IST
മാഞ്ചെസ്റ്റർ: ഇംഗ്ലീഷ് വമ്പന്മാരായ മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് ഫുട്ബോള്‍ ക്ലബ്ബിനെ സ്വന്തമാക്കാന്‍ ഖത്തർ ഗ്രൂപ്പും രംഗത്ത്. യുണൈറ്റഡിനെ സ്വന്തമാക്കാന്‍ ഖത്തറിലെ ഷെയ്ഖ് തമിം ബിന്‍ ഹമദ് അല്‍ താനിയുടെ നയൻ ടു ഫൗണ്ടേഷൻ അപേക്ഷ സമർപ്പിച്ചതായാണ് റിപ്പോർട്ട്.
നിലവില്‍ അമേരിക്കയിലുള്ള ഗ്ലേസര്‍ കുടുംബത്തിന്റെ ഉടമസ്ഥതയിലാണ് യുണൈറ്റഡുള്ളത്. 20 തവണ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാരായ ക്ലബ്ബിനെ വില്ക്കാന് തയാറാണെന്ന് ഗ്ലേസര്‍ കുടുംബം കഴിഞ്ഞ നവംബറില്‍ പ്രഖ്യാപിച്ചിരുന്നു. താത്പര്യമുള്ള ഗ്രൂപ്പുകള്‍ക്ക് നിക്ഷേപം നടത്താനുള്ള അവസരവും ഗ്ലേസര്‍ കുടുംബം നല്‍കുന്നുണ്ട്.
ഏതാണ്ട് 600 കോടി ഡോളറാണ് ക്ലബ് കൈമാറ്റത്തിന് ഉടമസ്ഥരായ ഗ്ലേസർ കുടുംബം ആവശ്യപ്പെടുന്നത്. ഇതോടെ യുണൈറ്റഡിനെ സ്വന്തമാക്കാന്‍ പല ഗ്രൂപ്പുകളും രംഗത്തെത്തിയിട്ടുണ്ട്. ബ്രിട്ടീഷ് ശതകോടീശ്വരനായ ജിം റാച്ച്ക്ലിഫിന്റെ നേതൃത്വത്തിലുള്ള ഇനിയോസ് കമ്പനിയും രംഗത്തുണ്ട്.
2005-ലാണ് ഗ്ലേസര്‍ കുടുംബം യുണൈറ്റഡിന്റെ ഉടമസ്ഥാവകാശം ഏറ്റെടുത്തത്.